പാരീസ്: ഫ്രാൻസ് ഫുട്‌ബോള്‍ ടീം നായകന്‍ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 36ാം വയസിലാണ് ലോറിസിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തിന്‍റെ സ്റ്റോപ്പറായി ലോറിസ് തുടരും.
"ഞാൻ എല്ലായ്‌പ്പോഴും ചെയ്തിട്ടുള്ളതു പോലെ മികച്ച പ്രകടനം തുടരുകയും ഈ കായികരംഗത്ത് ജീവിക്കാനും ആഗ്രഹിക്കുന്നു. ഒരുപക്ഷേ ഈ തീരുമാനം ക്ലബ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ എന്നെ സഹായിക്കും. ദേശീയ ടീമിലെ എന്‍റെ ചുമതല മറ്റൊരാള്‍ക്ക് കൈമാറേണ്ട സയമായിരിക്കുന്നു.
ഇതെന്‍റെ സ്വന്തമാക്കിവയ്‌ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫ്രാൻസ് ടീം ആരുടെയും സ്വന്തമല്ലെന്ന് ഞാൻ എപ്പോഴും പറയുകയും ആവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. ഞങ്ങൾ എല്ലാവരും അങ്ങനെയാണെന്ന് ഉറപ്പാക്കണം, അതു ഞാനാണ് ആദ്യം ചെയ്യുന്നത്.
മികച്ച ടീമാണ് ഞങ്ങള്‍ക്കുള്ളത്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറായ ഒരു ഗോള്‍ കീപ്പറും ഞങ്ങള്‍ക്കുണ്ട്" ഹ്യൂഗോ ലോറിസ് പറഞ്ഞു.
ഫ്രഞ്ച് ടീമിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് ലോറിസ്. 2018ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് താരത്തിനുള്ളത്. ഇതടക്കം നാല് ലോകകപ്പുകളിലും മൂന്ന് യൂറോകപ്പുകളിലും ലോറിസ് ഫ്രാന്‍സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2022ലെ ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിലേക്കും താരം ടീമിനെ നയിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടില്‍ അർജന്‍റീനയോട് പരാജയപ്പെടുകയായിരുന്നു. 2008 നവംബറിലാണ് ലോറിസ് ഫ്രഞ്ച് ടീമിനായി അരങ്ങേറിയത്. തുടര്‍ന്ന് 145 മത്സരങ്ങളില്‍ ടീമിന്‍റെ ഗോള്‍ വല കാത്ത താരം 121 മത്സരങ്ങളിലും ക്യാപ്റ്റന്‍റെ ആംബാന്‍ഡ് അണിഞ്ഞു.
ലോറിസിന്‍റെ തീരുമാനത്തെ മാനിക്കുന്നതായി ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്‌സ് പ്രതികരിച്ചു. ഫ്രഞ്ച് ടീമിന്‍റെ മഹാനായ സേവകനായിരുന്നു ലോറിസ്. താരത്തിന്‍റെ പരിശീലകനാകാൻ കഴിഞ്ഞത് അഭിമാനവും സന്തോഷവുമാണ്. ലോറിസ് ടീമിന് നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതായും ദെഷാംപ്‌സ് വ്യക്തമാക്കി.
Also read: 33ാം വയസില്‍ ബൂട്ടഴിച്ച് വെയ്‌ല്‍സ് ഇതിഹാസം; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഗരെത് ബെയ്‌ല്‍