ബുഡാപെസ്റ്റ് (ഹംഗറി): ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് വനിതകളുടെ എലൈറ്റ് റേസുകളിൽ വിലക്കേര്‍പ്പെടുത്തി സ്വിമ്മിങ് വേൾഡ് ഗവേണിങ് ബോഡിയായ 'ഫിന'. പുരുഷ പ്രായപൂർത്തിയാകൽ പ്രക്രിയയുടെ ഏതെങ്കിലും ഭാഗത്തിലൂടെ കടന്നുപോയ താരങ്ങള്‍ക്കാണ് വിലക്ക്. ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ലോക ചാമ്പ്യൻഷിപ്പിനിടെയുള്ള അസാധാരണ ജനറൽ കോൺഗ്രസില്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ നയം ഫിന പാസാക്കിയത്.
152 ഫിന അംഗങ്ങളിൽ 71% ശതമാനം വോട്ടുകള്‍ പുതിയ നയത്തെ അനുകൂലിച്ചു. 34 പേജുള്ള പോളിസി ഡോക്യുമെന്‍റും സംഘടന പുറത്ത് വിട്ടിട്ടുണ്ട്. മെയില്‍ ടു ഫീമെയില്‍ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾക്ക് വനിത വിഭാഗത്തിൽ മത്സരിക്കാൻ ഇപ്പോഴും അർഹതയുണ്ടെന്നും എന്നാല്‍ അവര്‍ പുരുഷ പ്രായപൂർത്തിയാകൽ പ്രക്രിയയുടെ ഏതെങ്കിലും ഭാഗത്തിലൂടെ കടന്നുപോകാന്‍ പാടില്ലെന്നും, അല്ലെങ്കില്‍ 12 വയസിന് മുകളിലാവരുതെന്നുമാണ് ഡോക്യുമെന്‍റില്‍ പറയുന്നത്.
മരുന്നിലൂടെ ടെസ്റ്റോസ്റ്റിറോൺ (പുരുഷ ലൈംഗിക ഹോർമോൺ) അളവ് കുറച്ചിട്ടും, വനിതകളേക്കാള്‍ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകള്‍ ക്ഷമത നിലനിർത്തുന്നുവെന്ന് ഫിന സയന്‍റിഫിക് പാനല്‍ കണ്ടെത്തിയിരുന്നു. മെഡിസിൻ, നിയമം, കായികം എന്നീ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട ട്രാൻസ്‌ജെൻഡർ ടാസ്‌ക് ഫോഴ്‌സിൽ നിന്ന് നേരത്തെ ഫിന അംഗങ്ങൾ റിപ്പോർട്ട് തേടുകയും ചെയ്‌തു.
അത്‌ലറ്റുകളുടെ മത്സരിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, മത്സരങ്ങളില്‍ നീതി പുലര്‍ത്തേണ്ടതുണ്ടെന്ന് ഫിന പ്രസിഡന്‍റ് ഹുസൈൻ അൽ-മുസല്ലം പറഞ്ഞു. ഫിന എല്ലാ അത്‌ലറ്റുകളേയും എപ്പോഴും സ്വാഗതം ചെയ്യും. ഒരു ഓപ്പൺ കാറ്റഗറി സൃഷ്ടിക്കുന്നത് എല്ലാവർക്കും എലൈറ്റ് തലത്തിൽ മത്സരിക്കാൻ അവസരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ട്രാൻസ്‌ജെൻഡറായ അമേരിക്കൻ കോളജ് നീന്തൽ താരം ലിയ തോമസിന് വനിത വിഭാഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ഉറപ്പായി.