ഖത്തർ: നവംബർ 20ന് ആരംഭിക്കുന്ന ഖത്തർ ലോകകപ്പിന് മുന്നോടിയായി ടൂർണമെന്‍റിൽ പങ്കെടുക്കുന്ന 32 ടീമുകൾക്ക് കത്തയച്ച് ഫിഫ. ലോകകപ്പിലെത്തുന്ന ടീമുകൾ ഫുട്ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മറ്റ് ധാർമ്മികപരമായ കാര്യങ്ങൾ കൈമാറുന്നത് അവസാനിപ്പിക്കണമെന്നും ലോകകപ്പ് ടീമുകള്‍ക്ക് അയച്ച കത്തില്‍ ഫിഫ ആവശ്യപ്പെട്ടു. കായികരംഗത്തെ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ഫിഫ കത്തിൽ പറഞ്ഞു.
ഗൾഫ് രാജ്യത്ത് സ്വവർഗരതി നിയമവിരുദ്ധമാണ്. എന്നാൽ എല്‍ജിബിടി കമ്മ്യൂണിറ്റികള്‍ മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്യാപ്റ്റൻമാർ ചില കാമ്പയിനുകളിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയും ഗവേണിംഗ് ബോഡി സെക്രട്ടറി ജനറല്‍ ഫാത്മ സമൂറയും ലോകകപ്പ് ടീമുകള്‍ക്ക് കത്തയച്ചത്.
ലോകത്തിന്‍റെ ഏറ്റവും വലിയ ശക്തികളിലൊന്ന് തീർച്ചയായും അതിന്‍റെ വൈവിധ്യമാണ്. ഫുട്ബോൾ ഒരു ശൂന്യതയിലല്ല രാഷ്ട്രീയ സ്വഭാവമുള്ള നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ലോകത്താണ് നിലനിൽക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. എന്നാല്‍ നിലവിലുള്ള അത്തരം പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ പോരാട്ടത്തിലേക്ക് ഫുട്ബോളിനെ വലിച്ചിഴയ്ക്കാന്‍ ദയവായി അനുവദിക്കരുത്, ഫിഫ കത്തിൽ വ്യക്‌തമാക്കി.