ലണ്ടന്‍ : നിശ്ചിത 90 മിനിട്ടുകളില്‍ എതിരില്ലാത്ത ഒരു ഗോളിന് പിന്നില്‍, ഇഞ്ചുറി ടൈമില്‍ രണ്ട് ഗോളടിച്ച് ജയത്തിലേക്ക്. പ്രീമിയര്‍ ലീഗില്‍ (Premier League) ഓള്‍ഡ്ട്രഫോര്‍ഡ് പൂരപ്പറമ്പായ മത്സരത്തില്‍ ആതിഥേയരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (Manchester United) ജയം. ത്രില്ലര്‍ പോരില്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനെയാണ് (Brentford) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് വീഴ്‌ത്തിയത് (Manchester United vs Brentford Match Result). തുടര്‍തോല്‍വികളില്‍ വലഞ്ഞിരുന്ന റെഡ് ഡെവിള്‍സിന് ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരായ മത്സരത്തില്‍ സ്‌കോട്ട് മക്ടോമിനേ (Scott McTominay) നേടിയ ഇരട്ടഗോളുകളാണ് ജയമൊരുക്കിയത്.
ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന മത്സരത്തിന്‍റെ 26-ാം മിനിട്ടില്‍ തന്നെ സന്ദര്‍ശകരായ ബ്രെന്‍ഡ്‌ഫോര്‍ഡ് യുണൈററ്റഡിനെതിരെ ലീഡ് പിടിച്ചു. മതിയാസ് ജെന്‍സണായിരുന്നു (Mathias Jensen Goal Against Manchester United) അവര്‍ക്കായി ഗോള്‍ നേടിയത്. കാസിമിറോയ്‌ക്ക് സംഭവിച്ച പിഴവ് മുതലെടുത്തുകൊണ്ടാണ് ബ്രെന്‍ഡ്‌ഫോര്‍ഡ് ഓള്‍ഡ്‌ട്രഫോര്‍ഡിലെത്തിയ ആരാധക കൂട്ടാത്തെ നിശബ്‌ദരാക്കിയത്.
തുടര്‍ന്ന് സന്ദര്‍ശകര്‍ക്കൊപ്പം പിടിക്കാനുള്ള യുണൈറ്റഡിന്‍റെ ശ്രമങ്ങളൊന്നും വിലപ്പോയില്ല. ലീഡ് പിടിച്ച ശേഷം 90 മിനിട്ടുവരെ ആതിഥേയരുടെ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ ബ്രെന്‍ഡ്‌ഫോര്‍ഡിന് കഴിഞ്ഞിരുന്നു. ലീഗില്‍ ഒരു അട്ടിമറി ഉണ്ടാകുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു യുണൈറ്റഡിനായി മക്ടോമിനേയുടെ ആദ്യ ഗോള്‍ പിറക്കുന്നത്.
ബ്രെന്‍ഡ്‌ഫോര്‍ഡ് ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലായിരുന്നു ഗോളിന്‍റെ പിറവി. ബോക്‌സിനുള്ളിലേക്ക് എത്തിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്രെന്‍ഡ്‌ഫോര്‍ഡ് താരങ്ങളുടെ ശ്രമം ചെന്നവസാനിച്ചത് മാക്ടോനേയുടെ കാലുകളിലാണ്. സമയം ഒട്ടും വൈകിപ്പിക്കാതെ ആയിരുന്നു യുണൈറ്റഡിന്‍റെ മധ്യനിര താരം ബ്രെന്‍ഡ്‌ഫോര്‍ഡ് ഗോള്‍വല ലക്ഷ്യമാക്കി ആദ്യ വെടിയുതിര്‍ത്തത്.
93-ാം മിനിട്ടിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ സമനില പിടിച്ചത്. നാല് മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു അവരുടെ വിജയഗോള്‍. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം കൂടിയാണ് ഈ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തലകൊണ്ട് മറിച്ചുനല്‍കി പ്രതിരോധ നിര താരം ഹാരി മഗ്വയറാണ് മാക്‌ടോമിനേയ്‌ക്ക് രണ്ടാമത്തെ ഗോളിലേക്കുള്ള വഴിയൊരുക്കിയത്.
പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ യുണൈറ്റഡിന്‍റെ നാലാമത്തെ ജയമായിരുന്നുവിത്. എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടൊപ്പം നാല് തോല്‍വി വഴങ്ങിയ യുണൈറ്റഡ് നിലവില്‍ പോയിന്‍റ് പട്ടികയിലെ പത്താം സ്ഥാനക്കാരാണ് (Premier League Points Table). പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ (Sheffiled United) അവരുടെ തട്ടകത്തിലാണ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മത്സരം. ഒക്‌ടോബര്‍ 22നാണ് ഈ മത്സരം.