ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം പിടിച്ച് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ എത്തിഹാദിൽ ക്രിസ്റ്റൽ പാലസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തത്. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്‍റെ ഗോളടി മികവാണ് സിറ്റിക്ക് തുണയായത്.
ബെർണാഡോ സിൽവയാണ് സിറ്റിക്കായി ലക്ഷ്യം കണ്ട മറ്റൊരു താരം. പാലസിനായി പ്രതിരോധ താരം ജോക്കിം ആൻഡേഴ്‌സണ്‍ ലക്ഷ്യം കണ്ടു. സിറ്റിയുടെ പ്രതിരോധ താരം ജോൺ സ്‌റ്റോൺസിന്‍റെ സെല്‍ഫ് ഗോളാണ് സംഘത്തിന്‍റെ പട്ടികയിലെ മറ്റൊരു ഗോള്‍.
മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ സ്വന്തം വലയിലേക്ക് പന്തെത്തിയത് സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടിയായി. പാലസ് താരം ഇസെയുടെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് സ്‌റ്റോൺസിന്‍റെ ശരീരത്തില്‍ തട്ടി സെല്‍ഫ് ഗോളാവുകയായിരുന്നു. 21ാം മിനിട്ടില്‍ ജോക്കിം ആൻഡേഴ്‌സണും ലക്ഷ്യം കണ്ടതോടെ സിറ്റി രണ്ട് ഗോളുകള്‍ക്ക് പിന്നിലായി.
അവിശ്വസനീയം രണ്ടാം പകുതി: ആദ്യ പകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ പാലസിന് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയിൽ അവിശ്വസനീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത്. 53ാം മിനിട്ടില്‍ ബെർണാഡോ സിൽവയാണ് സംഘത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് എര്‍ലിങ് ഹാലണ്ട് ഹാട്രിക് തികച്ചതോടെ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 62, 70, 81 മിനിട്ടുകളിലാണ് താരത്തിന്‍റെ ഗോള്‍ നേട്ടം.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സിറ്റിക്ക് കഴിഞ്ഞു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്‍റാണ് സംഘത്തിന്‍റെ സമ്പാദ്യം. കളിച്ച നാല് മത്സരങ്ങളില്‍ ഒരു വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം നാല് പോയിന്‍റാണ് ക്രിസ്റ്റല്‍ പാലസിനുള്ളത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ 13ാം സ്ഥാനത്താണ് സംഘം.