ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. വമ്പന്മാരുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്. മത്സരത്തിന്‍റെ 70ാം മിനിട്ടില്‍ പിറന്ന കെവിന്‍ ഡി ബ്രുയിന്‍റെ ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്.
ഒരു ലോങ് റേഞ്ചറിലൂടെയായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ സിറ്റിക്കായിരുന്നു. മത്സരത്തിന്‍റെ 56 ശതമാനവും പന്ത് കൈവശം വെച്ച സിറ്റി ഓണ്‍ ടാര്‍ഗറ്റിലേക്ക് ആറ് ശ്രമങ്ങളും നടത്തി. ഒമ്പത് കോര്‍ണറുകളും സംഘം നേടിയെടുത്തിരുന്നു.
ഓണ്‍ടാര്‍ഗറ്റിലേക്ക് ഒരു ശ്രമം മാത്രം നടത്താനായ ചെല്‍സിക്ക് ഒരു കോര്‍ണര്‍ മാത്രമാണ് ലഭിച്ചത്. ലീഗില്‍ സിറ്റിയുടെ തുടര്‍ച്ചയായ 12ാം വിജയം കൂടിയാണിത്. ജയത്തോടെ പോയിന്‍റ് പട്ടികയിലെ ലീഡ് 13 ആക്കി ഉയര്‍ത്താന്‍ സിറ്റിക്കായി. നിലവില്‍ 22 മത്സരങ്ങളില്‍ 56 പോയിന്‍റുമായി സിറ്റി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. 22 മത്സരങ്ങളില്‍ 43 പോയിന്‍റുള്ള ചെല്‍സി രണ്ടാം സ്ഥാനത്താണ്.
യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ആസ്റ്റണ്‍ വില്ല
ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആസ്റ്റണ്‍ വില്ല സമനിലയില്‍ തളച്ചു. രണ്ട് വീതം ഗോളുകള്‍ നേടിയാണ് ഇരു സംഘവും സമനിലയില്‍ പിരിഞ്ഞത്.
രണ്ട് ഗോള്‍ ലീഡെടുത്ത ശേഷമാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനായി രണ്ട് ഗോളും നേടിയത്. 6, 67 മിനിട്ടുകളിലായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം.
ജേക്കബ് റാംസി (77ാം മിനിട്ട്), ഫിലിപെ കുട്ടീഞ്ഞോ (81ാം മിനിട്ട്) എന്നിവരാണ് വില്ലയുടെ ഗോള്‍ വേട്ടക്കാര്‍. മത്സരം സമനിലയിലായതോടെ 32 പോയിന്‍റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്. 23 പോയിന്‍റുള്ള ആസ്റ്റണ്‍ വില്ല 13ാം സ്ഥാനത്താണ്. 20 വീതം മത്സരങ്ങളാണ് ഇരു സംഘങ്ങളും ലീഗില്‍ പൂര്‍ത്തിയാക്കിയത്.