മെൽബൺ : ഓസ്‍ട്രേലിയൻ ഓപ്പണ്‍ ടെന്നിസ് വനിത വിഭാഗം ഫൈനലിൽ കസാഖിസ്ഥാൻ താരം എലീന റൈബാകിന ബെലാറൂസിന്‍റെ അരിയാന സബലങ്കയെ നേരിടും. സെമിയിൽ എലീന റൈബാകിന വിക്‌ടോറിയ അസറെങ്കയെ തോൽപ്പിച്ചപ്പോൾ മാഗ്‍ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് അരിയാന സബലെങ്ക കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. റോഡ് ലാവർ അരിനയിൽ ശനിയാഴ്‌ചയാണ് ഫൈനൽ പോരാട്ടം.
ആദ്യ സെമിയിൽ വിക്‌ടോറിയ അസറെങ്കയെ നേരിട്ടുള്ള സെറ്റുകൾക്കാണ് എലീന റൈബാകിന തോൽപ്പിച്ചത്. സ്കോർ 7-6, 6-3. ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിലെത്തുന്ന ആദ്യ കസാഖ് വനിതയാണ് എലീന റൈബാകിന. നിലവിലെ വിംബിൾഡൺ ജേതാവ് കൂടിയാണ്. രണ്ടാം സെമി ഫൈനലിൽ മാഗ്‍ഡ ലിനറ്റിനെ 7-6, 6-2 എന്ന നേരിട്ടുള്ള സ്‌കോറിനാണ് അരിയാന സബലെങ്ക തോല്‍പ്പിച്ചത്.
ഓസ്ട്രേലിയന്‍ ഓപ്പണിൽ 22-ാം സീഡായ റൈബാകിന വമ്പൻ താരങ്ങളെ കീഴടക്കിയാണ് സെമിയിലെത്തിയിരുന്നത്. നിലവിലെ ഫ്രഞ്ച്, യുഎസ് ഓപ്പൺ ജേതാവായ ഇഗ ഷ്വാൻടെകിനെയാണ് നാലാം റൗണ്ടിൽ കീഴടക്കിയത്. 2017 ഫ്രഞ്ച് ഓപ്പൺ ജേതാവായ ജലേന ഒസ്റ്റപെൻകയെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്.
പുരുഷ സെമിയിൽ നാളെ നൊവാക് ജോക്കോവിച്ച് അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരം ടോമി പോളിനെ നേരിടും. മറ്റൊരു സെമിയിൽ ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്സിപാസിന് റഷ്യൻ താരം കരേന്‍ ഹച്ചാനോഫിനാണ് എതിരാളി. ജോക്കോവിച്ചിനൊപ്പം സെമിയിലെത്തിയ മറ്റ് മൂന്ന് താരങ്ങളും ഒരു ഗ്രാൻസ്ലാം കിരീടം പോലും നേടാത്തവരാണ്.