ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകള്‍ക്ക് തോല്‍വി. സെമി ഫൈനലിൽ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ കീഴടങ്ങിയത്. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ 3-0ത്തിനാണ് ഓസീസിന്‍റെ വിജയം. അംബ്രോസിയ മലോൺ, കെയ്‌റ്റ്‌ലിൻ നോബ്‌സ്, ആമി ലോട്ടൺ എന്നിവർ ഓസ്‌ട്രേലിയയ്‌ക്കായി ഗോളുകള്‍ നേടിയപ്പോള്‍ ഇന്ത്യയുടെ ലാൽറെംസിയാമി, നേഹ, നവനീത് കൗർ എന്നിവർക്ക് ലക്ഷ്യം പിഴച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു സംഘവും 1-1ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടില്‍ എത്തിയത്. മത്സരത്തിന്‍റെ 10-ാം മിനിട്ടില്‍ തന്നെ റെബേക്ക ഗ്രെയ്‌നറുടെ ഗോളിലൂടെ ഓസീസ് വനിതകള്‍ മുന്നിലെത്തി. തുടര്‍ന്ന് 49-ാം മിനിട്ടില്‍ വന്ദനയിലൂടെയാണ് ഇന്ത്യ സമനില പിടിച്ചത്.
അതേസമയം ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയുടെ അംബ്രോസിയുടെ ആദ്യ ശ്രമം ഇന്ത്യൻ ഗോൾകീപ്പർ സവിത പുനിയ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ലോക്ക് സജ്ജീകരിച്ചിരുന്നില്ലെന്ന് കാട്ടി റഫറി വീണ്ടും അവസരം നല്‍കി. വെങ്കല മെഡലിനായി ന്യൂസിലൻഡിനോടാണ് ഇനി ഇന്ത്യയുടെ പോരാട്ടം. ഞായറാഴ്‌ചയാണ്(07.08.2022) ഈ മത്സരം നടക്കുക.
also read: CWG 2022 | ഗോദയിൽ ഇന്ത്യൻ തേരോട്ടം; സാക്ഷി മാലിക്കിനും ദീപക് പൂനിയക്കും സ്വർണം