കൊളംബിയൻ മുൻ അന്താരാഷ്ട്ര ഫുട്ബോളര്‍ ഫ്രെഡി റിങ്കൺ അന്തരിച്ചു. 55ാം വയസില്‍ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയാണ് റിങ്കൺ അപകടത്തില്‍പ്പെട്ടത്. താരം സഞ്ചരിച്ച വാഹനം ഒരു ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിങ്കൺ ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയരായെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. 1990 മുതല്‍ 2001 വരെ കൊളംബിയന്‍ ദേശീയ ടീമിനായി മധ്യനിര താരമായിരുന്ന റിങ്കണ്‍ പന്ത് തട്ടിയിട്ടുണ്ട്.
റയൽ മാഡ്രിഡ്, നാപ്പോളി പൽമീറസ്, സാന്‍റോസ്, കൊറിന്ത്യൻസ് എന്നീ ക്ലബ്ബുകൾക്കായും താരം കളിച്ചിട്ടുണ്ട്. ആദ്യത്തെ ഫിഫ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ (2000) കൊറിന്ത്യൻസിനെ കിരീടത്തിലേക്ക് നയിക്കാനും താരത്തിനായി.
1990, 1994, 1998 ലോകകപ്പുകളിൽ കൊളംബിയയെ പ്രതിനിധീകരിച്ച റിങ്കന്‍ ദേശീയ ടീമിനായി 84 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകള്‍ നേടിയിട്ടുണ്ട്.