കോപൻഹേഗൻ: ഖത്തര്‍ ലോകകപ്പിനുള്ള ഡെന്മാര്‍ക്ക് ടീം പ്രഖ്യാപിച്ചു. 26 അംഗ ടീമിൽ 21 പേരെയാണ് കോച്ച് കാസ്‌പര്‍ ഹുൽമന്ദ് പ്രഖ്യാപിച്ചത്. യൂറോ കപ്പിനിടെ ഹൃദയാഘാതമുണ്ടായ ക്രിസ്റ്റ്യൻ എറിക്‌സണും ടീമിന്‍റെ ഭാഗമാണ്. കഴിഞ്ഞ വർഷം ജൂണില്‍ ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് ക്രിസ്റ്റ്യൻ എറിക്‌സണ് ഹൃദയാഘാതമുണ്ടായത്.
ഏറെ നാള്‍ ഫുട്‌ബോളില്‍ നിന്നും വിട്ടുനിന്ന താരം ഖത്തറില്‍ പന്തുതട്ടാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരുന്നു. ഹൃദയമിടിപ്പ് നിലനിർത്താനുള്ള പേസ് മേക്കര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയൻ ലീഗില്‍ നിന്നും പുറത്തായ താരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. യുണൈറ്റഡിനായുള്ള മികച്ച പ്രകടനമാണ് എറിക്‌സണ് ഖത്തറിലേക്ക് വഴിയൊരുക്കിയത്.
നവംബർ 13നുള്ളിൽ സ്‌ക്വാഡിലെ ബാക്കി അഞ്ചുപേരെ കൂടെ പ്രഖ്യാപിക്കും. 26 അംഗ സ്ക്വാഡ് പ്രഖ്യാപിക്കാനുള്ള അവസാന തിയതിയാണിത്. ഈ സ്ഥാനത്തിനായി 10 മുതല്‍ 12 വരെ താരങ്ങള്‍ പരിഗണനയിലുണ്ടെന്ന് കോച്ച് പറഞ്ഞു. ടീമിലെ സ്ഥിര സാന്നിധ്യമായ നായകൻ സൈമൺ കെയർ, റാസ്‌മസ് ക്രിസ്റ്റെൻസൺ, ജെസ്‌പർ ലിൻസ്ട്രോം, ഒലിവർ ക്രിസ്റ്റെൻസൺ തുടങ്ങിയ താരങ്ങളും ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡെന്മാര്‍ക്ക് സ്ക്വാഡ്: കാസ്‌പർ ഷ്‌മിഷേൽ, ഒലിവർ ക്രിസ്റ്റെൻസൺ, ജൊആഹിം ആൻഡേഴ്‌സൺ, ജൊആകിം മീഹ്ലെ, ഡാനിയൽ വാസ്, ജെൻസ് ലാഴ്‌സൺ, വിക്‌ടർ നെൽസൺ, റാസ്‌മസ് ക്രിസ്റ്റെൻസൺ, ജെസ്‌പർ ലിൻസ്ട്രോം, മതിയാസ് ജെൻസൺ, സിമൺ കെയർ, തോമസ് ഡെലാനി, ക്രിസ്റ്റ്യൻ എറിക്‌സൺ, പിയറി എമിലി ഹോജ്ബെർഗ്, ആൻഡ്രിയാസ് സ്കോവ് ഒൽസെൺ, മിക്കെൽ ഡാംസ്‌ഗാർഡ്, ജൊനാസ് വിൻഡ്, മാർടിൻ ബ്രെത്വെയ്റ്റ്, കാസ്‌പർ ഡോൾബെർഗ്, ആൻഡ്രിയാസ് കൊർണേലിയസ്.