ലണ്ടന്‍: പരിശീലകന്‍ തോമസ് ട്യൂഷലിനെ പുറത്താക്കി ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സി. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനമോ സാഗ്രബിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ട്യൂഷലിന്‍റെ സ്ഥാനം തെറിച്ചത്. 49കാരനായ ടൂഷ്യലിന്‍റെ സേവനങ്ങള്‍ക്ക് ചെല്‍സി പ്രസ്‌താവനയിലൂടെ നന്ദി അറിയിച്ചു.
ക്ലബിന് വേണ്ടിയുള്ള എല്ലാ പ്രയത്‌നങ്ങള്‍ക്കും ട്യൂഷലിനും അദ്ദേഹത്തിന്‍റെ സ്റ്റാഫിനും ചെല്‍സിയിലെ എല്ലാവരുടേയും പേരില്‍ നന്ദി പറയുന്നു. നേടിത്തന്ന കീരിടങ്ങളിലൂടെ ക്ലബിന്‍റെ ചരിത്രത്തില്‍ സ്ഥാനം നേടാന്‍ ട്യൂഷലിന് കഴിഞ്ഞു. പുതിയ ഉടമകളുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെന്നും ചെല്‍സി അറിയിച്ചു.
പുതി പരിശീലകനെ കണ്ടെത്തും വരെ കോച്ചിങ് സ്റ്റാഫ് ടീമിന്‍റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്. ടൂഷ്യലിന് പകരം ബ്രൈറ്റണ്‍ പരിശീലകനായ ഗ്രഹാം പോട്ടര്‍ ചെല്‍സിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ജനുവരിയിലാണ് ടൂഷ്യല്‍ ചെല്‍സിയുടെ പരിശീലകനായെത്തുന്നത്.
ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് നേടിക്കൊടുക്കാന്‍ ട്യൂഷലിന് കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗിന് പുറമെ യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോക കപ്പ് എന്നിവയും ടൂഷ്യലിന് കീഴില്‍ ചെല്‍സി സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം ചാമ്പ്യന്‍സ് ലീഗിലേത് ഉള്‍പ്പെടെ അവസാന അഞ്ചു മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ചെല്‍സി പരാജയപ്പെട്ടിരുന്നു. പ്രീമിയര്‍ ലീഗിലാവട്ടെ അറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിലവില്‍ ആറാം സ്ഥാനത്താണ് സംഘം. മൂന്ന് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 10 പോയിന്‍റാണ് ചെല്‍സിക്കുള്ളത്.