മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഹൃദയം തകര്‍ന്ന് പിഎസ്‌ജി. പ്രീക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ തോല്‍വി വഴങ്ങിയ പിഎസ്‌ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീട മോഹം അവസാനിച്ചു. ആദ്യ പാദത്തിലെ ഒരു ഗോള്‍ ലീഡുമായി റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവിലിറങ്ങിയ പിഎസ്‌ജി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. ഇതോടെ 3-2ന്‍റെ അഗ്രിഗേറ്റ് സ്കോറില്‍ റയല്‍ ക്വാര്‍ട്ടറുറപ്പിച്ചു.
കരീം ബെന്‍സിമയുടെ ഹാട്രിക് മികവിലാണ് റയലിന്‍റെ മുന്നേറ്റം. എംബാപ്പെയാണ് പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ മികച്ച തുടക്കം റയലിനായിരുന്നുവെങ്കിലും 39ാം മിനിട്ടില്‍ എംബാപ്പെയിലൂടെ പിഎസ്‌ജി മുന്നിലെത്തി. നെയ്‌മറിന്‍റെ അസിസ്റ്റില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. നേരത്തെ 34ാം മിനിട്ടിലും എംബാപ്പെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.
പിഎസ്‌ജി ഒരു ഗോള്‍ ലീഡുമായി അവസാനിപ്പിച്ച ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് ബെന്‍സിമയുടെ വിളയാട്ടം. തിരിച്ചടിക്കാനുള്ള റയലിന്‍റെ നിരന്തര പരിശ്രമത്തിനിടെ പിഎസ്‌ജിയുടെ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്‌ക്ക് പറ്റിയ പിഴവാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്.
ബെന്‍സിമയുടെ പ്രസിങ്ങില്‍ പാളിപ്പോയ ഡൊണ്ണരുമ്മയില്‍ നിന്നും പന്ത് ലഭിച്ചത് വിനീഷ്യസിന്. താരം മറിച്ച് നല്‍കിയ പന്ത് അനായാസം ബെന്‍സിമ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് 71ാം മിനിട്ടില്‍ മോഡ്രിച്ചിന്‍റെ പാസില്‍ രണ്ടാം ഗോളും, 78ാം മിനിട്ടില്‍ ഹാട്രിക്കും തികച്ച് ബെന്‍സിമ റയലിനെ സുരക്ഷിതമാക്കി. തിരിച്ചടിക്കാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങള്‍ ലക്ഷ്യം കാണാനാവെതെ വന്നതോടെ കടം വീട്ടി കണക്ക് തീര്‍ത്ത റയല്‍ ക്വാര്‍ട്ടറുമുറപ്പിച്ചു.
സിറ്റിയും ക്വാർട്ടറിലേക്ക്
മറ്റൊരു മത്സരത്തില്‍ സ്പോർട്ടിങ്ങിനെ മറി കടന്ന് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഉറപ്പിച്ചു. രണ്ടാം പാദ മത്സരത്തില്‍ സിറ്റിയെ ഗോള്‍ രഹിത സമനിലയില്‍ തളക്കാനായെങ്കിലും, ആദ്യപാദത്തിലെ അഞ്ച് ഗോള്‍ കടമാണ് സ്‌പോര്‍ട്ടിങ്ങിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്.