ലണ്ടന്‍ : യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. പിഎസ്‌ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മഡ്രിഡ്, യുവന്‍റസ് തുടങ്ങിയ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങും. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്ക് ഇറ്റാലിയന്‍ ക്ലബ് യുവന്‍റസാണ് എതിരാളി.
ഗ്രൂപ്പ് എച്ചിന്‍റെ ഭാഗമായ ഈ മത്സരം പിഎസ്‌ജിയുടെ തട്ടകത്തിലാണ് നടക്കുക. ലയണല്‍ മെസി, നെയ്‌മർ, കിലിയൻ എംബാപ്പെ ത്രയത്തിന്‍റെ മിന്നുന്ന ഫോം പിഎസ്‌ജിക്ക് മുതല്‍ക്കൂട്ടാണ്. യുവന്‍റസിലേക്ക് കൂടുമാറിയ എയ്‌ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ പിഎസ്‌ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്‌കോട്ടിഷ് ക്ലബ് കെല്‍റ്റിക്കിനെ എവേ മത്സരത്തില്‍ എതിരിടും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് സെവിയയാണ് എതിരാളി. പ്രീമിയര്‍ ലീഗില്‍ ഗോളടിച്ച് കൂട്ടുന്ന എര്‍ലിങ് ഹാലന്‍ഡിന്‍റെ കരുത്ത് സിറ്റിക്ക് തുണയാവും.
ഇറ്റാലിയൻ ചാമ്പ്യൻമാരായ എസി മിലാന്‍ സാല്‍സ്ബര്‍ഗുമായി കളിക്കും. അയാക്‌സും റേഞ്ചേഴ്‌സും തമ്മിലാണ് മത്സരം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക. മുൻ ചാമ്പ്യൻമാരായ ചെൽസി ഇന്ത്യന്‍ സമയം രാത്രി 10.15ന് തുടങ്ങുന്ന മത്സരത്തില്‍ ഡൈനമോ സാഗ്രബിനെ നേരിടും. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിന് ഡെൻമാർക്ക് ക്ലബ് എഫ്‌സി കോപ്പന്‍ഹേഗനാണ് എതിരാളി.
അതേസമയം രണ്ട് പതിറ്റാണ്ടിനുശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് ഇക്കുറി ചാമ്പ്യന്‍സ് ലീഗ് അരങ്ങേറുന്നത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കഴിയാത്തതാണ് താരത്തിന് തിരിച്ചടിയായത്. ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളുടേയും ഗോളുകളുടേയും റെക്കോഡ് നിലവില്‍ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.