ടോക്യോ: കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ടോക്കിയോ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു.
പ്രധാനമന്ത്രി യോഷിഹൈഡ് സുഗയുടെ പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തുള്ള നേതാവാണ് തോഷിഹിറോ നിക്കായ്. ഒരു ടിവി പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒളിമ്പിക്‌സ് റദ്ദാക്കുക എന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
അതേസമയം 2020-ല്‍ നിന്നും 2021 ജൂലായിലേക്ക് മാറ്റിവെച്ച കായിക മാമാങ്കത്തിന് ഇനി 100ല്‍ താഴെ ദിവസങ്ങളാണ് ബാക്കിയുളളത്. ജപ്പാനില്‍ കൊവിഡ് നാലാം തരംഗത്തിലേക്ക് കടന്നതായി സര്‍ക്കാറിന്‍റെ കൊവിഡ് പാനൽ തലവൻ ഷിഗെരു ഒമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.