ബ്രസല്‍സ്: കൊവിഡ് 19 പ്രതിസന്ധിയെ തുടർന്ന് ഫോർമുല വണ്‍ ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രീ കാണികളില്ലാതെ നടത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് 30-നാണ് റേസ് നടക്കേണ്ടത്. ബെല്‍ജിയത്തില്‍ കൊവിഡ് 19 കാരണം വലിയ തോതില്‍ ജനങ്ങൾ ഒത്തുചേരുന്നതിന് ഓഗസ്റ്റ് 31 വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മത്സരം കാണികളില്ലാതെ നടത്താന്‍ ഫോർമുല വണ്‍ സംഘാടകർ തീരുമാനിച്ചത്. അതേസമയം ഇതേവരെ ഗ്രാന്‍ഡ്‌പ്രീക്ക് വേണ്ടയുള്ള 1,65,000 ടിക്കറ്റുകൾ വിറ്റുപോയതായി ന്യൂസ് ഏജെന്‍സി വ്യക്തമാക്കി.
കൊവിഡ് 19 കാരണം ആഗോള തലത്തില്‍ ഇതിനകം 10-ഓളം ഫോർമുല വണ്‍ റേസുകൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിട്ടുണ്ട്. ജൂലൈ അഞ്ചിന് ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രീയോടെ ഈ വർഷത്തെ സീസണ് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കൊവിഡ് 19 ബാധിച്ച ഈ സീസണില്‍ പ്രത്യേക വേദികളില്‍ പരമ്പരയായി റേസുകൾ നടത്താനുള്ള ശ്രമങ്ങളും എഫ് വണ്‍ സംഘാടകർ നടത്തുന്നുണ്ട്. ഫോർമുല വണ്‍ ചീഫ് ചേസ് കാരി വെള്ളിയാഴ്‌ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 മുതല്‍ 18 റേസുകൾ വരെ ഈ സീസണില്‍ നടത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.