ലണ്ടന്‍: എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് സ്‌പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് (Carloz Alcaraz). ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് (Queens Club Championship) നേടിയതോടെയാണ് അല്‍കാരസ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. അല്‍കാരസ് ഒന്നാമതായതോടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് (Novak Djokovic) റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ കാര്‍ലോസ് അല്‍കാരസിന് നിലവില്‍ 7,675 പോയിന്‍റാണ് ഉള്ളത്. രണ്ടാമതുള്ള ജോക്കോവിച്ചിന് ഇപ്പോള്‍ 7,595 പോയിന്‍റും. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഡാനി മെദ്‌വദേവ് ആണ്.
5,890 പോയിന്‍റാണ് റഷ്യന്‍ താരത്തിനുള്ളത്. നാലാം സ്ഥാനത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസും അഞ്ചാം സ്ഥാനത്ത് കാസ്‌പര്‍ റൂഡും ആണ് നിലവില്‍. പത്ത് പോയിന്‍റ് വ്യത്യാസമാണ് ഇരുതാരങ്ങളും തമ്മില്‍.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ഒന്നാം റാങ്കുകാരനായിട്ടായിരുന്നു കാര്‍ലോസ് അല്‍കാരസ് എത്തിയത്. പാരിസില്‍ നടന്ന പോരാട്ടത്തില്‍ താരം സെമി ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനോട് തോല്‍വി വഴങ്ങി. ഇതോടൊണ് സ്‌പാനിഷ് താരത്തിന് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്‌ടമായത്.
പുല്‍കോര്‍ട്ടിലെ ആദ്യ കിരീടം: ലണ്ടനിലെ സെന്‍റര്‍ കോര്‍ട്ടില്‍ നടന്ന ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനൗറിനെയാണ് (Alex De Minaur) അല്‍കാരസ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്‍റെ വിജയം. ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ പുല്‍ കോര്‍ട്ടില്‍ തന്‍റെ കരിയറിലെ ആദ്യ കിരീടം കൂടിയായിരുന്നു അല്‍കാരസ് സ്വന്തമാക്കിയത്.
ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എതിരാളി അലക്‌സ് ഡി മിനൗറിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കാര്‍ലോസ് അല്‍കാരസിന് സാധിച്ചിരുന്നു. കലാശപ്പോരാട്ടത്തിലെ രണ്ട് സെറ്റും 6-4 എന്ന സ്‌കോറിനാണ് സ്‌പാനിഷ് താരം സ്വന്തമാക്കിയത്.
ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ പതിഞ്ഞ താളത്തിലായിരുന്നു അല്‍കാരസിന്‍റെ തുടക്കം. ആദ്യ മത്സരത്തില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫ്രാന്‍സിന്‍റെ ആർതർ റിൻഡർക്നെക്കിനെ (Arthur Rinderknech) പരാജയപ്പെടുത്തി. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ശേഷമാണ് അല്‍കാരസ് മത്സരത്തില്‍ തിരിച്ചടിച്ചത്.
പിന്നീട്, താളം കണ്ടെത്തിയ താരത്തിന് എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജിരി ലെഹെക്ക (Jiri Lehecka), ബള്‍ഗേറിയന്‍ താരം ഗ്രിഗർ ദിമിത്രോവ് (Grigor Dimitrov), യുഎസ്എയുടെ സെബാസ്റ്റ്യൻ കോർഡ (Sebastian Korda) എന്നിവര്‍ക്കാണ് അല്‍കാരസിന്‍റെ തേരോട്ടത്തിന് മുന്നില്‍ കാലിടറിയത്.
ഇനി ലക്ഷ്യം വിംബിള്‍ഡണ്‍: ലോക ഒന്നാം നമ്പര്‍ താരമായാണ് സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് വിംബിള്‍ണില്‍ കളിക്കാന്‍ എത്തുക. ഈ ടൂര്‍ണമെന്‍റിലൂടെ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ആയിരിക്കും നൊവാക് ജോക്കോവിച്ചിന്‍റെ ലക്ഷ്യം.