അമ്മാന്‍ (ജോര്‍ദാന്‍): ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ശിവ ഥാപ്പയ്‌ക്ക് വെള്ളി. പുരുഷന്മാരുടെ 63.5 കിലോഗ്രാം ഫൈനലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ശിവ ഥാപ്പ പിന്മാറുകയായിരുന്നു. ഉസ്‌ബെക്കിസ്ഥാന്‍റെ അബ്‌ദുല്ലയേവ് റുസ്‌ലാനെതിരെ ആത്മവിശ്വാസത്തോടെയാണ് താരം തുടങ്ങിയത്.
എന്നാല്‍ രണ്ടാം റൗണ്ടിൽ വലത് കാൽമുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി. വെള്ളി നേട്ടത്തോടെ ചാമ്പ്യന്‍ഷിപ്പിന്‍റെ വിവിധ പതിപ്പുകളില്‍ നിന്നായുള്ള ഥാപ്പയുടെ ആകെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇന്ത്യയുടെ മറ്റൊരു പുരുഷ താരത്തിനും ഇത്രയും മെഡല്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.
നേരത്തെ 2017, 2021 വര്‍ഷങ്ങളില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ ഥാപ്പ 2013ലെ പതിപ്പിലാണ് സ്വര്‍ണം നേടിയത്. 2015, 2019 വർഷങ്ങളിലെ വെങ്കല മെഡലുകളും താരത്തിന്‍റെ പട്ടികയിലുണ്ട്. അതേസമയം ആകെ 12 മെഡലുകളോടെയാണ് ഇന്ത്യ ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്.
വനിത, പുരുഷ വിഭാഗങ്ങളിലായി നാല് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ നേടിയത്. 12ല്‍ ഏഴ് മെഡലുകളും വനിത താരങ്ങളുടെ സംഭാവനയാണ്. ഇതോടെ വനിത വിഭാഗത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടുകയും ചെയ്‌തു. 27 രാജ്യങ്ങളിൽ നിന്നുള്ള 257 ബോക്‌സർമാരാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.
ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍: ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്‌ൻ (75 കിലോ), അൽഫിയ പഠാൻ (+81 കിലോഗ്രാം), സവീതി ബൂറ (81 കിലോഗ്രാം), പർവീൺ ഹൂഡ (63 കിലോഗ്രാം) എന്നിവരാണ് സ്വർണം നേടിയത്.
മിനാക്ഷി (52 കിലോഗ്രാം) വെള്ളിയും അങ്കുഷിത ബോറോ (66 കിലോഗ്രാം), പ്രീതി ദാഹിയ (57 കിലോഗ്രാം), നരേന്ദർ (+92 കിലോഗ്രാം), സുമിത് (75 കിലോഗ്രാം), മുഹമ്മദ് ഹുസാമുദ്ദീൻ (57 കിലോഗ്രാം), ഗോവിന്ദ് കുമാർ സഹാനി (48 കിലോഗ്രാം) എന്നിവർ വെങ്കലവും നേടി.