കാൽപന്ത് കൊണ്ട് ലോകം കാല്‍കീഴിലാക്കിയ ഫുട്‌ബോളിന്‍റെ മിശിഹ. സാക്ഷാല്‍ ലയണല്‍ മെസി...രണ്ട് പതിറ്റാണ്ടിലധികമായി കാറ്റ് നിറച്ച തുകൽപന്തിനു പിന്നിലുള്ള ഓട്ടത്തിനിടയിൽ തന്‍റേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ആ കുറിയ മനുഷ്യൻ ഭൂമിയിലേക്ക് ഉടലെടുത്തതിന്‍റെ ഓർമദിനമാണിന്ന്...1987 ജൂൺ 24ന് അർജന്‍റീനയിലെ റൊസാരിയോയില്‍ ഫാക്‌ടറി ജീവനക്കരനായ ജോർജ് മെസിയുടെയും സെലിയ കുച്ചിറ്റിനയുടെയും മകനായി ജനനം.
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരാധിക്കുന്ന ഓരോ മനുഷ്യനും ഈ ദിനം അവരുടേത് കൂടിയാണ്. കാരണം 17-ാം വയസിൽ കാലുകളില്‍ മാന്ത്രികതയൊളിപ്പിച്ച് ലോകത്തെയാകെ വിസ്‌മയിപ്പിച്ചു തുടങ്ങിയ, ഇന്നും വിസ്‌മയിപ്പിക്കുന്ന മെസി അവർക്ക് എല്ലാമെല്ലാമാണ്... മൈതാനത്ത് നിറഞ്ഞാടുമ്പോഴും ഭാഗ്യ, നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ 17 വർഷങ്ങൾ... ആരാധകരെ ആവേശത്തിലാറാടിച്ച മഹത്തായ ഒരു ഫുട്‌ബോൾ കരിയറിന്‍റെ അവസാനത്തിലാണ് അയാൾ. പക്ഷേ 36-ാം വയസിലും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ താരം ആരാണെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം തേടേണ്ടതില്ല.
ഇന്ന് 36-ലേക്ക് കടക്കുന്ന അയാളുടെ വശ്യമനോഹരമായ കാൽപന്തുകളി ലോകമുള്ള കാലത്തോളം കൺകുളിർക്കെ കാണണമെന്ന് മാത്രമാണ് ഓരോ ഫുട്‌ബോൾ ആരാധകനും ആഗ്രഹിക്കുക. റൊസാരിയോയിൽ കാലത്തെ സാക്ഷിയാക്കി ഓരോ മനുഷ്യനും ഫുട്‌ബോളിനെ പ്രണയിക്കാനും വാരിപ്പുണരാനുമായി അമാനുഷികനായ ഒരു മനുഷ്യൻ പിറവിയെടുത്ത ദിനം. ചരിത്രം വഴിമാറിയ ആ ദിനത്തിന്‍റെ ആഘോഷത്തിലാണ് ഇന്ന് ഫുട്‌ബോൾ ലോകം.
ക്ലബ് ഫുട്‌ബോളിൽ നേടാവുന്നതെല്ലാം കൈപിടിയിലാക്കിയ മെസിക്ക് അർജന്‍റീനയുടെ നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ ഒരു കിരീടം എന്നത് സ്വപ്‌നം മാത്രമായി തുടർന്നിരുന്ന കാലത്തെ കുറിച്ച് ഇന്ന് ഓർക്കാതിരിക്കാനാകില്ലല്ലോ... ആ കനക കിരീടത്തിനായി ഒരു കൂട്ടം പടയാളുകളുമായി ചിരവൈരികളായ കാനറികളുടെ മണ്ണലേക്കെത്തിയ മെസിയും സംഘവും കിരീടമുയർത്തുമെന്ന് തോന്നിപ്പിച്ച നിമിഷമുണ്ടായിരുന്നു, 2014ല്‍.. എന്നാൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മാരിയോ ഗോട്‌സെ നേടിയ ഗോളിലൂടെ ജർമനി കിരീടമുയർത്തുമ്പോൾ അയാൾ നിസ്സാഹയനായി നോക്കിനിന്നു.
രണ്ട് വർഷത്തിനിപ്പുറം പ്രതീക്ഷകളുടെയും അമിതഭാരം ആ അഞ്ചടി ഏഴിഞ്ചുകാരന്‍റെ ചുമലില്‍ വന്നപ്പോള്‍ ഒരിക്കലും പിഴയ്ക്കാത്ത ആ ഇടംകാല്‍ ഒന്നുപതറി. 2016ൽ ചിലിക്കെതിരായ കോപ്പ അമേരിക്ക ഫൈനലിൽ പെനാൽറ്റി പുറത്തേക്ക്.. എല്ലാം കൺമുന്നിൽ നഷ്‌ടമായ അർജന്‍റൈൻ കുപ്പായത്തോട് എന്നന്നേക്കുമായി ആ മനുഷ്യൻ വിടപറഞ്ഞു. എന്നാൽ വികാരത്തള്ളിച്ചയില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല അയാള്‍ക്ക് വെള്ളയും ആകാശനീലയും ഇടകലര്‍ന്ന ടീമിനോടുള്ള ഇഷ്‌ടം. മടങ്ങിവരവിൽ അര്‍ജന്‍റീനയ്‌ക്കായി ആരാധകര്‍ക്കായി, അയാള്‍ ഫുട്ബോളിലെ ജീവശ്വാസം തിരിച്ചുപിടിക്കുകയാരുന്നു.
പ്രായം കൂടുന്തോറും വീര്യമേറുന്ന മെസിയുടെ ഇടം കാലിലൊളിപ്പിച്ച മാന്ത്രികത കായികലോകം കാണാനിരിക്കുകയായിരുന്നു. പിന്നീടെല്ലാം ചരിത്രമായിരുന്നു. വീണ്ടുമൊരിക്കൽ കൂടെ കാനറികളുടെ കളിമുറ്റത്ത് വിരുന്നെത്തിയ കോപ്പ അമേരിക്കൻ ചാമ്പ്യൻഷിപ്പ്. കാലത്തിന്‍റെ കാവ്യനീതിയെന്ന പോലെ കോപ്പയുടെ കലാശപ്പോരിൽ ബദ്ധവൈരികളായ ബ്രസീലിനെ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയ മെസിയുടെ ആദ്യ രാജ്യന്തര കിരീടം. ചാമ്പ്യൻഷിപ്പിലെ വ്യക്തിഗത നേട്ടങ്ങളെല്ലാം തന്‍റെ പേരിൽ ചേർത്താണ് അയാൾ തന്നെ ക്രൂശിക്കപ്പെട്ടവർക്ക് മുന്നിൽ ഉയർത്തെഴുന്നേറ്റത്.
പിന്നെ അയാളുടെ നോട്ടം പതിഞ്ഞത് സ്വർണ നിറത്താൽ തിളങ്ങുന്ന കനകക്കിരീടത്തിലായിരുന്നു. എന്നാൽ 36 മത്സരങ്ങളിൽ തോൽവിയറിയാതെ കാനറികളുടെ ചിറകരിഞ്ഞ് കോപ്പ ചൂടിയ ഏറ്റവും മികച്ച പോരാളികളുമായി വിശ്വകിരീട പോരാടത്തിനായി അറേബ്യൻ മണ്ണിലെത്തിയ മെസിക്കും സംഘത്തിനും ആദ്യ മത്സരത്തിൽ തന്നെ പിഴച്ചു. ഖത്തർ ലോകപ്പിലെ എറ്റവും സന്തുലിതമായ ടീമുകളിലൊന്ന്, യുവത്വത്തിന്‍റെ കരുത്തും പരിചയസമ്പന്നരുടെ ഊർജവുമായി കളത്തിലിറങ്ങിയ അർജന്‍റീന സൗദി അറോബ്യക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു.
ലോകത്തിലെ സകല കാൽപന്തുകളിയാരാധാകരും കണ്ണുനീർ പൊഴിച്ച സമയം, ലുസൈൽ സ്റ്റേഡിയത്തിൽ നീലക്കടൽ പോലെ ആർത്തലച്ച ആരാധകകൂട്ടം നിശബ്‌ദമായി. കാലങ്ങളായി കാത്തിരിന്ന കനകക്കീരടം വീണ്ടും അയാളിൽ നിന്ന് അകന്നുപോകുന്നതായി തോന്നിക്കാണും. തന്‍റെ വിജയത്തിനായി ആർപ്പുവിളിച്ച പതിനായിരക്കണക്കിന് ആരാധകരെ തലയുയർത്തി നോക്കാനാകാതെ അന്നയാൾ മൈതാനം വിട്ടു.
എന്നാൽ ഈ ടീമിൽ വിശ്വാസമർപ്പിക്കണമെന്നും കൂടുതൽ ശക്തിയോടെ തിരികെയെത്തുമെന്ന് വ്യക്തമാക്കിയ മെസിയുടെ വാക്കുകൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. മാലാഖയായി പറന്നിറങ്ങിയ ഡിമരിയ, ഏത് കൊടുങ്കാറ്റിനെയും തടയാൻ കെൽപ്പുള്ള ഒരു കാവൽക്കാരനും അവതരിച്ചു. മെക്‌സിക്കോയിൽ നിന്ന് തുടങ്ങിയ അർജന്‍റീന പത്മവ്യൂഹം തീർത്ത ഡച്ച് - ക്രൊയേഷ്യൻ പോരാട്ടത്തെയും മറികടന്ന് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു. എംബാപ്പെയുടെ രൂപത്തിൽ ആഞ്ഞുവീശിയ കൊടുങ്കാറ്റും അതിജീവിച്ച മിശിഹ ലുസൈൽ സ്റ്റേഡിയത്തിൽ ഉയിർത്തെഴുനേറ്റു. ഖത്തർ അമീർ ചാർത്തിനൽകിയ മേലങ്കിയണിഞ്ഞ് കാൽപന്തുകളിയുടെ കനക കിരീടമുയർത്തുമ്പോൾ അയാൾ ഇതിഹാസപൂർണനായിരുന്നു.