ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ടെക് ഭീമനായ ആപ്പിൾ. ടീമിനായി 5.8 ബില്യണ്‍ പൗണ്ട് ആപ്പിൾ ഓഫർ ചെയ്‌തതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് പിന്നാലെയാണ് 17 വർഷമായി ക്ലബ്ബിന്‍റെ ഉടമസ്ഥരായിരുന്ന ഗ്ലാസേർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിൽക്കാൻ തീരുമാനിച്ചത്.
ക്ലബ്ബിനായി മറ്റ് സാധ്യതകൾ തേടുന്നുവെന്നും ഉയർന്ന തുക നൽകുന്നവർക്ക് വിൽക്കുമെന്നും ഗ്ലാസേർ കുടുംബം വ്യക്‌തമാക്കിയിരുന്നു. അതേസമയം ആപ്പിളിനെക്കൂടാതെ ശതകോടീശ്വരനും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ആരാധകനുമായ സർ ജിം റാറ്റ്ക്ലിഫ്, സ്‌പാനിഷ് കോടീശ്വരൻ അമാൻസിയോ ഒർട്ടേഗ തുടങ്ങിയവരും ക്ലബ്ബിനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
2005ല്‍ 934 മില്യണ്‍ യൂറോയ്ക്കാണ് ഗ്ലാസേര്‍ കുടുംബം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ല്‍ പരിശീലന സ്ഥാനത്ത് നിന്ന് അലക്‌സ് ഫെര്‍ഗൂസന്‍ പടിയിറങ്ങിയതിന് ശേഷം ഒമ്പത് വര്‍ഷത്തോളമായി മോശം പ്രകടനമാണ് ക്ലബ് കാഴ്‌ചവച്ചുകൊണ്ടിരിക്കുന്നത്. ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ഗ്ലേസര്‍ കുടുംബത്തിനെതിരെയും ആരാധകർ രംഗത്തെത്തിയിരുന്നു.
പിന്നാലെ റൊണാൾഡോയെ തിരികെ ടീമിലേക്കെത്തിച്ചെങ്കിലും താരത്തിനും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ഇതിനിടെയാണ് താരം ക്ലബ്ബുമായും പരിശീലകൻ എറിക് ടെൻ ഹാഗുമായും ഉരസിയത്. പ്രമുഖ മാധ്യമ പ്രവർത്തകൻ പിയേഴ്‌സ് മോര്‍ഗനുമായുളള അഭിമുഖത്തില്‍ ക്ലബ്ലിനെതിരേയും പരിശീലകൻ ടെൻ ഹാഗിനെതിരെയും അധികൃതര്‍ക്കെതിരേയും ഗുരുതര ആരോപണമാണ് റൊണാൾഡോ ഉന്നയിച്ചത്.
പിന്നാലെയാണ് കരാർ ലംഘനത്തിന്‍റെ പേരിൽ റൊണാൾഡോയെ പുറത്താക്കാൻ യുണൈറ്റഡ് തീരുമാനിച്ചത്. ലോകകപ്പിനായി ഖത്തറിലുള്ള താരത്തോട് ക്ലബ്ബിന്‍റെ കാരിങ്ടണ്‍ ട്രെയിനിങ് ബേസിലേക്ക് ഇനി തിരിച്ചുവരേണ്ടെന്ന് ക്ലബ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. കരാര്‍ പ്രകാരം ബാക്കിയുള്ള തുക റൊണാൾഡോയ്‌ക്ക് നല്‍കില്ലെന്ന് ക്ലബ് അറിയിച്ചു കഴിഞ്ഞതായാണ് വിവരം.