ബ്യൂണസ് ഐറിസ് : ഖത്തറിലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം എയ്‌ഞ്ചൽ ഡി മരിയ. ഉടൻ കളി നിർത്തില്ലെന്നും ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായി കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റിയതെന്നും ഡി മരിയ പറഞ്ഞു. നേരത്തെ ലോകകപ്പിന് പിന്നാലെ ദേശീയ ടീമിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ സൂചന നൽകിയിരുന്നു. 2024 ലെ കോപ്പ അമേരിക്ക വരെ താരം ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം തുടർച്ചയായി എത്തുന്ന പരിക്ക് ഡി മരിയയ്‌ക്ക് തലവേദനയാകുമെന്നാണ് സൂചന. പരിക്കുമൂലം ലോകകപ്പിലും താരം ഏറെ ബുദ്ധിമുട്ടിയിരുന്നു. ക്വാർട്ടറിലും സെമിയിലും താരത്തിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഫൈനലിൽ തിരിച്ചെത്തി തകർപ്പൻ പ്രകടനം കാഴ്‌ചവച്ച് അർജന്‍റീനയെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞിരുന്നു. അർജന്‍റീനയുടെ ആദ്യ ഗോളായ പെനാൽറ്റിക്ക് വഴിയൊരുക്കിയതും, ടീമിന്‍റെ രണ്ടാം ഗോൾ നേടിയതും ഡി മരിയയായിരുന്നു.
ഡി മരിയയെ ഡെംബലെ ഫൗള്‍ ചെയ്‌തതിനാണ് അര്‍ജന്‍റീനയ്ക്ക് ആദ്യം പെനാല്‍റ്റി ലഭിച്ചതും നീലപ്പട മുന്നിലെത്തിയതും. മാക് അലിസ്റ്ററിന്‍റെ അസിസ്റ്റിലാണ് ഡി മരിയ ഫൈനലിലെ അർജന്‍റീനയുടെ രണ്ടാം ഗോൾ നേടിയത്. ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ അലിസ്റ്റര്‍ പന്ത് ഡി മരിയയുടെ കാലുകളിലെത്തിക്കുകയും താരം ഹ്യൂഗോ ലോറിസിനെ കാഴ്‌ചക്കാരനാക്കി മനോഹരമായി പന്ത് വലയ്‌ക്കുള്ളിലാക്കുകയുമായിരുന്നു.
അർജന്‍റീനയ്‌ക്കായി തുടർച്ചയായ മൂന്നാം ഫൈനലിലാണ് ഡി മരിയ ഗോൾ നേടുന്നത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയഗോൾ കുറിച്ചു. ഫൈനലിസിമ ട്രോഫിയിൽ ഇറ്റലിക്കെതിരെയും ലക്ഷ്യം കണ്ടിരുന്നു. 2008-ൽ അർജന്‍റീനയ്‌ക്കായി അരങ്ങേറിയ ഡി മരിയ ആൽബിസെലെസ്റ്റിനായി 129 മത്സരങ്ങളിൽ പന്തുതട്ടിയിട്ടുണ്ട്. ഇതിൽ 28 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഞെട്ടിച്ച പ്രവചനം : അതേസമയം ഫൈനലിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചുകൊണ്ട് ഡി മരിയ ഭാര്യക്കയച്ച മെസേജ് വൈറലായിരുന്നു. 'ഞാന്‍ ചാമ്പ്യനാകും. അത് എഴുതപ്പെട്ടിരിക്കുന്നു. മത്സരത്തില്‍ ഒരു ഗോള്‍ നേടുകയും ചെയ്യും. മാറക്കാനയിലെയും വെംബ്ലിയിലെയും പോലെ അത് എഴുതപ്പെട്ടതാണ്. നാളത്തെ ദിനം ആസ്വദിക്കൂ. കാരണം ഞങ്ങള്‍ ചാമ്പ്യന്മാരാകാന്‍ പോവുകയാണ്' - എന്നായിരുന്നു ഡി മരിയയുടെ വാട്‌സ്ആപ്പ് മെസേജ്
ലോകകപ്പോർമ ശരീരത്തിലും : കഴിഞ്ഞ ദിവസം ലോകകപ്പ് വിജയത്തിന്‍റെ ഓർമയ്‌ക്കായി വലതുതുടയിൽ കിരീടത്തിന്‍റെ വലിയൊരു ചിത്രം ഡി മരിയ പച്ച കുത്തിയിരുന്നു. ടാറ്റൂ ചെയ്യുന്നതിന്‍റെ വീഡിയോ ഡി മരിയ തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ALSO READ: ലോകകപ്പ് ഓര്‍മ പച്ച കുത്തി മാലാഖ; ഡി മരിയയുടെ പുതിയ ടാറ്റു വൈറല്‍
ടാറ്റൂ ആര്‍ട്ടിസ്റ്റായ എസ്‌ക്വെല്‍ വിയാപിയാനോയാണ് 34കാരനായ ഡി മരിയയ്‌ക്കായി ടാറ്റൂ ഡിസൈന്‍ ചെയ്‌തത്. എന്നാല്‍ ഇതാദ്യമായല്ല വിജയത്തിന്‍റെ ഓര്‍മകള്‍ താരം ശരീരത്തില്‍ പച്ചകുത്തുന്നത്. കഴിഞ്ഞ വർഷം നേടിയ കോപ്പ അമേരിക്ക ട്രോഫിയുടെ ചിത്രവും ഡി മരിയ തന്‍റെ ഇടത് തുടയിൽ പച്ചകുത്തിയിട്ടുണ്ട്.