മാഡ്രിഡ്: ലയണല്‍ മെസിയോ അതോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇവരില്‍ ആരാണ് എക്കാലത്തേയും മികച്ച താരമെന്ന തര്‍ക്കം ഏറെ നാളായി ആരാധകരെ ചൂട് പിടിപ്പിക്കുന്നതാണ്. ഗോളടിച്ച് കൂട്ടിയും ബാലണ്‍ ഡിയോര്‍ നേടിയും ഈ വിശേഷണത്തിനായി ഇരുവരും തമ്മില്‍ മത്സരിക്കുകയും ചെയ്‌തു. ഒടുവില്‍ എല്ലാ കണ്ണുകളും കാതുകളും വട്ടം പിടിച്ചത് ഖത്തര്‍ ലോകകപ്പിലേക്കാണ്.
ആരാണ് മികച്ച കളിക്കാരനെന്നതിന് ഉത്തരം ഖത്തറില്‍ ലഭിക്കുമെന്നായിരുന്നു വ്യാഖ്യാനങ്ങള്‍. ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കാലിടറി വീണപ്പോള്‍ കപ്പുമായാണ് മെസിയുടെ അര്‍ജന്‍റീന മടങ്ങിയത്. ഇതിനിടെ ദേശീയ ടീമിന് പോലും 37കാരനായ ക്രിസ്റ്റ്യാനോ ബാധ്യതയാണെന്ന് വരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
നിര്‍ണായക മത്സരങ്ങളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന്‍റെ സ്ഥാനം. എന്നാല്‍ ഗോളടിച്ചും അടിപ്പിച്ചും ലോകകപ്പ് എന്ന സ്വപ്‌നത്തിലേക്ക് അര്‍ജന്‍റീനയെ നയിക്കാന്‍ മെസിക്ക് കഴിഞ്ഞു. ഇതോടെ ഫുട്‌ബോളിലെ 'ഗോട്ട്' മെസി തന്നെയെന്നാണ് 35കാരന്‍റെ ആരാധകരുടെ വാദം.
ഇതിന് ബലം നല്‍കിയിരിക്കുകയാണ് സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമായിരുന്ന ആന്ദ്രെ ഇനിയേസ്റ്റ. ലോകകപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മെസിയാണ് എക്കാലത്തേയും മികച്ച താരമെന്നും എന്നാല്‍ ഈ സംവാദം അവസാനിക്കില്ലെന്നും ഇനിയേസ്റ്റ പറഞ്ഞു.
"ലോകകപ്പ് നേടുന്നതിന് മുമ്പ് മെസിയെ എക്കാലത്തേയും മികച്ച കളിക്കാരനായി അംഗീകരിക്കാത്തവര്‍ ഇനിയും അതിന് തയ്യാറാവില്ല. അവര്‍ പുതിയ ന്യായീകരണങ്ങളുമായി വരും. അവര്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ തന്നെ പിടിച്ച് നില്‍ക്കുകയും ചെയ്യും.
എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മെസി തന്നെയാണ് എക്കാലത്തേയും മികച്ച താരം', ഇനിയേസ്റ്റ വ്യക്തമാക്കി. മെസി മാത്രമല്ല മുഴുവന്‍ അര്‍ജന്‍റീനയും ലോകകപ്പ് അര്‍ഹിച്ചിരുന്നതായും മുന്‍ സ്‌പാനിഷ് മധ്യനിര താരം കൂട്ടിച്ചേര്‍ത്തു.
ഖത്തറിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടേറ്റ തോല്‍വിയോടെ തുടങ്ങിയ അര്‍ജന്‍റീന ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 3-3ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലെത്തിയത്. ഷൂട്ടൗട്ടില്‍ 4-2നാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയം.
അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചിരുന്നു. മെസിയേയാണ് ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുത്തത്.
Also read: മാലാഖയുടെ ക്രിസ്‌മസ് സമ്മാനം ; വിരമിക്കൽ തീരുമാനം പിൻവലിച്ച് എയ്‌ഞ്ചൽ ഡി മരിയ