'മെസിയും അര്‍ജന്‍റീനയും വരും; വരണ്ട തരാൻ കാശില്ലെന്ന് ഇന്ത്യ'....ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട് - all india football federation
അന്താരാഷ്‌ട്ര സൗഹൃദ മത്സരം കളിക്കാനുള്ള അർജന്‍റീനൻ ഫുട്‌ബോൾ അസോസിയേഷന്‍റെ ക്ഷണം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിരസിച്ചതായി ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ലയണല്‍ മെസി, എയ്‌ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, എമിലിയാനോ മാർട്ടിനസ്, ജൂലിയൻ അല്‍വാരസ്, എൻസോ ഫെർണാണ്ടസ്... ഇവരൊക്കെ അടങ്ങുന്നൊരു സൂപ്പർ ഡ്യൂപ്പർ അർജന്‍റീനൻ ടീം ഇന്ത്യൻ ഫുട്‌ബോൾ ടീമിന് എതിരെ കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടോ... അങ്ങനെയൊരു മത്സരത്തിന് റെഡിയെന്ന് പറഞ്ഞത് സാക്ഷാല്‍ അർജന്‍റീനൻ ഫുട്‌ബോൾ അസോസിയേഷന്‍... പക്ഷേ ആ മത്സരം അടുത്തൊന്നും കാണാനുള്ള ഭാഗ്യം ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്കുണ്ടാകില്ല.
കാരണം അർജന്‍റീനൻ ഫുട്‌ബോൾ അസോസിയേഷന്‍റെ അസുലഭ ഓഫർ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മെസിയും സംഘവും ഇന്ത്യയുമായി സൗഹൃദ ഫുട്‌ബോൾ മത്സരം കളിക്കുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ പോയതിന്‍റെ കാരണമാണ് ഏറ്റവും രസകരം. അർജന്‍റീനൻ ഫുട്‌ബോൾ ഫെഡറേഷൻ ചോദിച്ച പണം കൊടുക്കാൻ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് ശേഷിയില്ലത്രേ....
സാമ്പത്തിക കാരണങ്ങളാല്‍ ലോകചാമ്പ്യൻമാരുമായി ഏറ്റുമുട്ടാൻ ഞങ്ങളില്ലെന്ന് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പറഞ്ഞതായാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 12-നും ജൂൺ 20-നും ഇടയില്‍ ഒഴിവുള്ള രണ്ട് സ്ലോട്ടുകളില്‍ ഇന്ത്യയില്‍ ഇന്ത്യയുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഓഫറായിരുന്നു ലയണല്‍ മെസിയുടെ അര്‍ജന്‍റീന മുന്നോട്ട് വച്ചത്. കഴിഞ്ഞ വര്‍ഷം ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ലഭിച്ച പിന്തുണയുടെ ഭാഗമായി ദക്ഷിണേഷ്യയിൽ മത്സരങ്ങള്‍ കളിക്കാനുള്ള താൽപ്പര്യത്തിന്‍റെ ഭാഗമായിരുന്നു അര്‍ജന്‍റീനയുടെ ഓഫര്‍. എന്നാല്‍ ഇതിനായി ആവശ്യപ്പെട്ട തുക താങ്ങാവുന്നതിന് അപ്പുറമാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഐഎഫ്‌എഫ്) സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.
"അർജന്‍റീനൻ ഫുട്‌ബോള്‍ അസോസിയേഷന്‍ സൗഹൃദ മത്സരത്തിനായി ഞങ്ങളെ സമീപിച്ചു. പക്ഷേ, അപ്പിയറന്‍സ് ഫീയായി അവര്‍ ആവശ്യപ്പെടുന്ന തുക വളരെ വലുതാണ്. അത്രയും വലിയ തുക ക്രമീകരിക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഫുട്ബോളിലെ സാമ്പത്തിക സ്ഥിതിയില്‍ നമുക്ക് ഏറെ പരിമിതികളുണ്ട്. അത്തരമൊരു മത്സരം ഇവിടെ നടക്കണമെങ്കിൽ, നമുക്ക് ശക്തമായ ഒരു പങ്കാളിയുടെ പിന്തുണ ആവശ്യമാണ്" - എഐഎഫ്‌എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അർജന്‍റീന ഫുട്‌ബോള്‍ അസോസിയേഷനായി ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ജോക്വിൻ ഡയസാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ചയ്‌ക്ക് എത്തിയത്. ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ലോകത്തിലെ ഏറ്റവും ഡിമാൻഡുള്ള ഫുട്ബോള്‍ ടീമാണ് അർജന്‍റീന. സൗഹൃദ മത്സരം കളിക്കുന്നതിനായി 4-5 മില്യൺ ഡോളർ (ഏകദേശം 32-40 കോടി രൂപ) ആണ് അര്‍ജന്‍റീന ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ദക്ഷിണേഷ്യയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനായിരുന്നു അർജന്‍റീനയ്‌ക്ക് പദ്ധതിയുണ്ടായിരുന്നത്. ഒന്ന് ഇന്ത്യയിലും മറ്റൊന്ന് ബംഗ്ലാദേശിലും കളിക്കാനായിരുന്നു ടീം ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ ഇരു രാജ്യത്തിനും ആവശ്യമായ പണം ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്താന്‍ കഴിയാതെ വന്നു. ഇതോടെയാണ് ജൂൺ 15- ന് ബീജിങ്ങില്‍ ഓസ്‌ട്രേലിയയുമായും ജൂൺ 19-ന് ജക്കാർത്തയിൽ ഇന്തോനേഷ്യയുമായും കളിക്കാന്‍ അര്‍ജന്‍റീന തീരുമാനം എടുത്തത്.
അതേസമയം പാബ്ലോ ജോക്വിൻ ഡയസ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും സമീപ ഭാവിയില്‍ ഒരു ധാരണയില്‍ എത്തുന്നതിനായുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഫിഫയുടെ റാങ്കിങ്ങില്‍ അര്‍ജന്‍റീനയേക്കാള്‍ ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. നിലവിലെ ലോക റാങ്കില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 101-ാമതാണ് ഇന്ത്യയുടെ സ്ഥാനം.
ALSO READ: Watch: നിഖിലിന്‍റെ ബാക്ക്‌ഹീല്‍ നട്‌മെഗില്‍ ഛേത്രിയുടെ വെടിച്ചില്ല്