ന്യൂഡല്‍ഹി: യാഥാർഥ്യമാക്കാനാവാത്ത വാഗ്‌ദാനങ്ങൾ നൽകാന്‍ തയ്യാറല്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പുതിയ പ്രസിഡന്‍റ് കല്യാൺ ചൗബേ. എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകകപ്പ് കളിക്കുമെന്നത് പോലുള്ള സ്വപ്‌നങ്ങൾ വിൽക്കില്ലെന്നും ചൗബേ പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചൗബേയുടെ പ്രതികരണം.
"സ്വപ്‌നങ്ങൾ വിൽക്കാൻ ഞങ്ങൾ നിങ്ങളുടെ മുന്നിൽ വരില്ല. ഇത്രയും അക്കാദമികൾ സ്ഥാപിച്ചെന്നും എട്ട് വർഷത്തിനുള്ളിൽ നമ്മള്‍ ലോകകപ്പ് കളിക്കുമെന്നും ഞങ്ങൾ പറയില്ല. എന്‍റെ ജീവിതത്തിൽ 100-ലധികം അക്കാദമികളുടെ ഉദ്‌ഘാടനത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.
ഈ അക്കാദമികളിലെല്ലാം കുട്ടികൾ എട്ട് വർഷത്തിനുള്ളിൽ ലോകകപ്പ് കളിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ യഥാർഥത്തിൽ ഇത് അങ്ങനെയല്ല. ഞങ്ങൾ ഒരു വാഗ്‌ദാനവും നൽകുന്നില്ല.
എന്നാൽ നിലവിലെ അവസ്ഥയിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോളിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ പറയും. അതെത്രത്തോളം സാധ്യമാകുമെന്നതിനായാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഞങ്ങൾ സ്വപ്‌നങ്ങൾ വിൽക്കാൻ പോകുന്നില്ല", കല്യാണ്‍ ചൗബേ പറഞ്ഞു.
വെള്ളിയാഴ്‌ച നടന്ന എഐഎഫ്‌എഫ് തെരഞ്ഞെടുപ്പില്‍ സമകാലികനും ഈസ്റ്റ് ബംഗാളില്‍ ഒന്നിച്ചു കളിക്കുകയും ചെയ്‌ത ഇന്ത്യയുടെ മുന്‍ നായകന്‍ ബൈചുങ് ബൂട്ടിയയെയാണ് ചൗബേ പരാജയപ്പെടുത്തിയത്. ഇലക്‌ടറൽ കോളജിലെ 33 അംഗങ്ങളും ചൗബെയ്‌ക്ക് വോട്ട് ചെയ്‌തു.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കായിക താരം പ്രസിഡന്‍റ് പദവിയിലെത്തുന്നത്. 15 വര്‍ഷം നീണ്ട കരിയറില്‍ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ വമ്പൻ ക്ലബ്ബുകളുടെ ഗോള്‍ വല താരം കാത്തിട്ടുണ്ട്.
also read: കല്യാൺ ചൗബേ... ഫുട്‌ബോൾ, രാഷ്‌ട്രീയം, വീണ്ടും ഫുട്‌ബോൾ: ഗോൾ വല കാത്ത കരങ്ങളില്‍ ഇന്ത്യൻ ഫുട്‌ബോൾ