ലൗസാനെ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ ജപ്പാനെതിരെ തോൽവി വഴങ്ങിയെങ്കിലും ലോക റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കി ഇന്ത്യൻ പുരുഷ ടീം. അന്താരാഷ്‌ട്ര ഹോക്കി സംഘടനയായ എഫ്.ഐ.എച്ചിന്‍റെ റാങ്കിങ്ങിലാണ് ഇന്ത്യൻ പുരുഷ ടീം മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. ഇന്ത്യൻ പുരുഷ ടീമിന്‍റെ എക്കാലത്തേയും മികച്ച റാങ്കിങ്ങാണിത്.
ടോക്യോ ഒളിമ്പിക്‌സിലെയും, ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെയും വെങ്കല മെഡൽ നേട്ടമാണ് ഇന്ത്യക്ക് ഗുണകരമായത്. 2296.038 പോയിന്‍റോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്കെത്തിയത്. 2642.25 പോയിന്‍റുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കളായ ബെൽജിയം 2632.12 പോയിന്‍റുമായി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.
ALSO READ: pele: ആരോഗ്യ നില തൃപ്‌തികരം; ഇതിഹാസ താരം പെലെ ആശുപത്രി വിട്ടു
അതേ സമയം ടോക്യോ ഒളിമ്പിക്‌സിൽ മിന്നും പ്രകടനം കാഴ്‌ചവച്ചിട്ടും വനിത റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ലോക റാങ്കിങ്ങിൽ 1810.32പോയിന്‍റോടെ ഒൻപതാം സ്ഥാനത്താണ് ഇന്ത്യൻ വനിതകൾ. 3015.35 പോയിന്‍റുമായി നെതർലാൻഡ്‌സാണ് റാങ്കിങ്ങിൽ ഒന്നാമത്.