ഛണ്ഡീഗഡ്: ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ത്യന്‍ ഹോക്കി ഇതിഹാസം സർ ബാല്‍ബീർ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 വയസുള്ള മുന്‍ ഇന്ത്യന്‍ താരത്തെ ഛണ്ഡീഗഡിലെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മകൾക്കും പേരക്കുട്ടിക്കുമൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്.
ഹോക്കി താരമെന്ന നിലയില്‍ മൂന്ന് തവണ അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് സ്വർണം സ്വന്തമാക്കി. 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും 1952-ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സിലുമായിരുന്നു ഈ നേട്ടം. ഒളിമ്പിക് ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോൾ സ്വന്തമാക്കിയ താരമെന്ന റെക്കോഡും അദ്ദേഹത്തിന്‍റെ പേരിലാണ്. 1952-ല്‍ നെതർലന്‍ഡിന് എതിരായ ഫൈനല്‍ മത്സരത്തില്‍ അദ്ദേഹം രാജ്യത്തിനായി അഞ്ച് ഗോളുകൾ സ്വന്തമാക്കി. അന്ന് ഇന്ത്യ 6-1ന്‍റെ വിജയവും സ്വന്തമാക്കി. അദ്ദേഹം ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ പരിശീലകനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ പുരുഷ ടീം 1975 പുരഷ ഹോക്കി ലോകകപ്പ് സ്വന്തമാക്കി.