ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ കളിക്കളത്തില്‍ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ (സ്റ്റാന്‍ഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ) പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും 20 പേജുള്ള എസ്‌ഒപിയില്‍ പറയുന്നു. സാധാരണ രീതിയിലുള്ള മത്സരമാകാം. എന്നാല്‍ കളിക്കാർ തമ്മില്‍ സമ്പർക്കം പാടില്ല. 40 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടില്‍ നാല് മുതല്‍ ആറ് പേർക്ക് വരെ പരിശീലനം നടത്താം. രണ്ട് പേർ തമ്മില്‍ 1.5 മീറ്ററിന്‍റെ അകലം പാലിക്കണം. ടീം അംഗങ്ങളും ടീമുമായി ബന്ധപ്പെട്ട എല്ലാവരും ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്നും എസ്‌ഒപിയില്‍ പറയുന്നു.
ലോക്ക്‌ഡൗണ്‍ കഴിഞ്ഞ് സർക്കാർ അനുവദിക്കുകയാണെങ്കില്‍ മാത്രമെ മത്സരം പുനഃരാരംഭിക്കാനോ പരിശീലനം നടത്താനൊ സാധിക്കൂ. നിലവില്‍ മെയ് 17 വരെ രാജ്യത്ത് ലോക്ക്‌ഡൗണ്‍ തുടരുകയാണ്. പുതിയ മാർഗ നിർദ്ദേശങ്ങൾ സർക്കാർ മെയ് 18-ന് മുമ്പായി പ്രഖ്യാപിക്കും. ഹൈ-ഫൈവ്, ഫിസ്റ്റ് പമ്പ് തുടങ്ങിയ സമ്പർക്ക രീതികൾക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. മുഴുവന്‍ കിറ്റുമായി വേണം കളിക്കാർ ഗ്രൗണ്ടിലേക്ക് വരാന്‍. ഇതിലൂടെ ചെയ്‌ഞ്ച് റൂമിന്‍റെയും ബാത്ത് റൂമിന്‍റെയും ഉപയോഗം പരമാവധി കുറക്കാന്‍ സാധിക്കും. കളിക്കാർ സ്വന്തം നിലക്ക് വാട്ടർ ബോട്ടിലും ടവ്വലുകളും കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോക്കി ഇന്ത്യ വ്യക്തമാക്കി.
കളിക്കാരും പരിശീലകരും ഗ്രൗണ്ടില്‍ എത്തുന്നതിന് മുമ്പ് ഗ്രൗണ്ട്‌മെന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ച് ഹാജരാവണം. കളിക്കാർ അടങ്ങുന്ന സംഘം ഗ്രൗണ്ട് വിട്ട ശേഷമെ ഇവർ തിരിച്ച് പോകാവൂ. കളിക്കളത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും പരിശീലന ശേഷം സാനിറ്റൈസർ ഉപയോഗിച്ച് ശുചീകരിക്കണം. ടോക്കിയോ ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകൾ ജൂലൈ മുതല്‍ ഈ വർഷം അവസാനം വരെ തുടരാമെന്ന ശുപാർശയും ഹോക്കി ഇന്ത്യ മുന്നോട്ട് വെക്കുന്നു.