അത്‍ലറ്റിക്കോ മാഡ്രിഡിനെ മറികടക്കാൻ യുവെന്‍റസ് ഇന്നിറങ്ങും
ആദ്യപാദത്തിൽ അത്‍ലറ്റിക്കോയോട് 2-0 ന് തോറ്റ യുവെന്‍റസിന് സ്വന്തം തട്ടകത്തിൽ 3-0 ന് എങ്കിലും ജയിച്ചാൽ മാത്രമേ ക്വാർട്ടറിൽ കടക്കാനാകൂ. പ്രതിരോധത്തിൽ ഊന്നിയ ശൈലിക്ക് പകരം അറ്റാക്കിങിലൂടെ കളിച്ചാൽ മാത്രമേ യുവെന്‍റസിന് അത്‍ലറ്റിക്കോയെ മറികടക്കാൻ സാധിക്കൂ.
യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ യുവെന്‍റസ് ഇന്ന് അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യപാദത്തിൽ 2-0 ന് ജയിച്ച അത്‍ലറ്റിക്കോയിക്ക് ഒരു സമനില മതി ക്വാട്ടറിൽ പ്രവേശിക്കാൻ.
എന്നാൽ സ്വന്തം തട്ടകത്തിൽ 3-0 ന് എങ്കിലും ജയിച്ചാൽ മാത്രമേ ഇറ്റാലിയൻ ചാമ്പ്യന്മാർക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിക്കൂ. പ്രതിരോധത്തിൽ ഊന്നിയ ശൈലിക്ക് പകരം അറ്റാക്കിങിലൂടെ കളിച്ചാൽ മാത്രമേ യുവെന്‍റസിന് അത്‍ലറ്റിക്കോയെ മറികടക്കാനാകൂ. പലതവണ പിന്നിൽ നിന്ന് പൊരുതിക്കയറിയ ചരിത്രമുള്ള യുവെന്‍റസ് ഉറ്റുനോക്കുന്നത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടുകളെയാണ്. ഗോഡിൻ, ഗിമിനസ്, ഫിലിപെ ലൂയിസ്, യുവാൻഫ്രാൻ എന്നിവരടങ്ങിയ അത്‍ലറ്റിക്കോ പ്രതിരോധം മറികടക്കുക യുവെന്‍റസിന് എളുപ്പമാവില്ല. ഒപ്പം, ഗ്രീസ്മാൻ, മൊറാട്ട, ഡീഗോ കോസ്റ്റ മുന്നേറ്റ നിരയെ തടയുകയും വേണം.
റൊണാൾഡോക്കൊപ്പം മാൻസുകിച്ചിനെയും ഡിബാലയേയും ഇറക്കി അറ്റാക്കിങിന് മുൻതൂക്കം നൽകാനായിരിക്കും പരിശീലകൻ ശ്രമിക്കുക. യുവെന്‍റസ് നിരയിൽ സമി ഖദീര, ജുവാൻ കുവഡാർഡോ, ഡഗ്ളസ് കോസ്റ്റ എന്നിവർ കളിക്കാൻ സാധ്യതയില്ല. അത്‍ലറ്റിക്കോ നിരയിൽ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ഗോഡിനും ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല.
റയൽ മാഡ്രിഡിനൊപ്പം ഹാട്രിക് കിരീടം നേടിയ റൊണാൾഡോയ്ക്ക് യുവന്‍റസിലും കിരീടത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല.
Conclusion: