യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ രണ്ടാംപാദ സെമി ഫൈനലിൽ ടോട്ടനം ഹോട്സ്പർ അയാക്സിനെ നേരിടും. ആദ്യപാദത്തിൽ വഴങ്ങിയ തോൽവിക്ക് മറുപടി നൽകാൻ ടോട്ടനം ഇറങ്ങുമ്പോൾ സ്വപ്ന യാത്ര ഫൈനൽ വരെ എത്തിക്കാനാകും അയാക്സ് ഇറങ്ങുക.
ആദ്യപാദത്തിൽ ടോട്ടനത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയതിന്‍റെ മേൽകയ്യുമായാണ് അയാക്സ് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. 23 വർഷത്തെ ഇടവേളക്ക് ശേഷം ഫൈനലിന് അരികെയാണ് അയാക്‌സിന്‍റെ യുവനിര. നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവെന്‍റസിനെയും വീഴ്ത്തിയ യുവനിര യൂറോപ്യൻ ഫുട്ബോളിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറികഴിഞ്ഞു. പാസിങ് ഗെയിമാണ് ഹോളണ്ട് ക്ലബ്ബിന്‍റെ തന്ത്രം. കഴിഞ്ഞ 11 മത്സരങ്ങളിലും തോൽവിയറിയാത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് അയാക്സ്.
ആദ്യപാദത്തിൽ ഒരു ഗോളിനാണ് തോറ്റതെന്നത് ടോട്ടനത്തിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ക്ക് ശക്തിപകരുന്നു. മികച്ച അറ്റാക്കിങ് നിരയുള്ള അയാക്‌സിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിക്കുകയെന്നത് ടോട്ടനത്തിന് കടുപ്പമേറിയ ജോലിയാണ്. എങ്കിലും ടീമെന്ന നിലയിൽ മികച്ച താരങ്ങളുള്ള ഇംഗ്ലീഷ് പടയ്ക്ക് എന്തും സാധ്യമാണ്. സൂപ്പർതാരം ഹാരി കെയിന്‍റെ പരിക്കാണ് ടീമിന് തിരിച്ചടിയാകുന്നത്. എന്നാൽ ആദ്യപാദത്തിൽ സസ്പെൻഷൻ മൂലം പുറത്തിരുന്ന സൺ ഹ്യൂൻ മിനിന്‍റെ മടങ്ങിവരവ് ടീമിന് ശക്തിയേകും. സൺ ഹ്യൂനിനൊപ്പം ലൂക്കാസ് മൗരയും ഡെലി അലിയും ചേരുന്നതോടെ അറ്റാക്കിങ് നിരക്ക് ശക്തി കൂടും. പ്രതിരോധ താരങ്ങളായ ഡേവിന്‍സണ്‍ സാഞ്ചസും ജാന്‍ വെര്‍ട്ടോഗനും പരിക്കിനെ തുടര്‍ന്ന് കളിക്കുന്ന കാര്യം സംശയമാണ്. എന്നാലും ടീമെന്ന ഒത്തിണക്കവും മൊറീഷ്യോ പൊച്ചടീനോയുടെ തന്ത്രങ്ങളും ടീമിന് പ്രതീക്ഷ നൽകുന്നു. മത്സരം പുലർച്ചെ 12.30 ന് അയാക്സിന്‍റെ ഗ്രൗണ്ടായ ആംസ്റ്റർഡാം അരീനയിൽ.