ലണ്ടന്‍: ടോട്ടനത്തിന്‍റെ മുന്നേറ്റ താരം സണ്‍ ഹ്യൂമിന്‍ ബ്രിട്ടനില്‍ തിരിച്ചെത്തി. ജന്മദേശമായ ദക്ഷിണ കൊറിയയില്‍ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയ ശേഷമാണ് സണ്‍ ഇംഗ്ലണ്ടിലെത്തിയത്. മറൈന്‍ ട്രൂപ്പിനൊപ്പമാണ് 27 വയസുള്ള സണ്‍ പരിശീലനം നടത്തിയത്. സാധാരണ ഗതിയില്‍ 21 മാസത്തെ സൈനിക സേവനമാണ് സണ്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍ 2018 ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ ടൂർണമെന്‍റില്‍ രാജ്യത്തിന് സ്വർണ മെഡൽ നേടി കൊടുക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയായിരുന്നു. മൂന്നാഴ്‌ചത്തെ നിർബന്ധിത സൈനിക സേവനമാണ് സണ്‍ ഹ്യൂമിന്‍ പൂർത്തിയാക്കിയത്.
കൊവിഡ് 19 ടെസ്റ്റില്‍ പോസിറ്റീവല്ലെന്ന് തെളിഞ്ഞാല്‍ സണ്ണിന് ടോട്ടനത്തിന് വേണ്ടി തിങ്കളാഴ്‌ച പരിശീലനം നടത്താന്‍ അവസരം ലഭിക്കും. സണ്‍ ഇതിനകം ഇപിഎല്ലില്‍ 16 ഗോളുകളും ഒമ്പത് അസിസ്‌റ്റും സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയർ ലീഗില്‍ വ്യക്തിഗത പരിശീലനം ആരംഭിച്ച ആദ്യ ക്ലബുകളില്‍ ഒന്നാണ് ടോട്ടനം ഹോട്ട്സ്‌ഫർ. സണ്‍ ടീമിന്‍റെ ഭാഗമായി പരിശീലനം നടത്തുന്നത് മറ്റ് താരങ്ങൾക്കും ഊർജം പകരും.