കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്‍റിൽ കൊളംബിയയോട് തോറ്റ അര്‍ജന്‍റീനക്ക് ശകാരവർഷവുമായി മുൻ സൂപ്പർ താരവും പരിശീലകനുമായിരുന്ന ഡീഗോ മറഡോണ. കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതിന് പിന്നാലെയാണ് മറഡോണയുടെ കുറ്റപ്പെടുത്തൽ.
ഏത് ചെറിയ ടീമിനും തോല്‍പ്പിക്കാനാവുന്ന ടീമായി അര്‍ജന്‍റീന മാറി. കളിയിലൂടെ നമ്മള്‍ നേടിയെടുത്ത പേരും പെരുമയും കളിക്കാർ ഓര്‍ക്കണം. അതിന് ചേര്‍ന്നതല്ല ഇപ്പോഴത്തെ ടീമിന്‍റെ അവസ്ഥ. ദേശീയ ജഴ്‌സിയുടെ മൂല്യം ആരും മറക്കരുതെന്നും മറഡോണ പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് കൊളംബിയ അര്‍ജന്‍റീനക്കെതിരെ വിജയം നേടുന്നത്. 2015-ലും 2016-ലും കോപ്പയിൽ രണ്ടാം സ്ഥാനത്തെത്തിയ അര്‍ജന്‍റീനക്ക് 1993-ല്‍ കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന് ശേഷം ഒരു അന്താരാഷ്ട്ര കിരീടവും നേടാന്‍ സാധിച്ചിട്ടില്ല. ലയണല്‍ മെസി, ഏയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്വേറോ, പോളോ ഡിബാല തുടങ്ങിയവരടങ്ങിയ മികച്ച മുന്നേറ്റ നിരയുണ്ടെങ്കിലും മികച്ചൊരു മധ്യനിരയും ഡിഫൻസും ഇല്ലാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്.