ഹൈദരാബാദ്: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് ലാലിഗ തിരിച്ചെത്തുന്നു. വെള്ളിയാഴ്‌ച പുലർച്ചെ സെവിയയും റയല്‍ ബെറ്റിസും തമ്മില്‍ ഏറ്റുമുട്ടുന്നതോടെയാണ് ലീഗ് വീണ്ടും തുടങ്ങുക. കൊവിഡ് ഭീതിവിതച്ച സ്‌പെയിനില്‍ ഇതോടെ വീണ്ടും ഫുട്‌ബോൾ ആരവങ്ങൾക്ക് തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മെസിയും സുവാരസും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ കളം പിടിക്കുമ്പോൾ കൊവിഡ് 19 ഭീതി അലിഞ്ഞില്ലാതാകുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. ശബ്‌ദാരവങ്ങൾക്ക് നടുവില്‍ നടന്നിരുന്ന ലീഗിലെ പോരാട്ടങ്ങൾ ഇനി ശൂന്യമായ ഗാലറിയെ സാക്ഷിയാക്കിയാകും പുരോഗമിക്കുക. കൊവിഡ് 19 ഭീതിയെ തുടർന്നുള്ള സുരക്ഷാ മുന്‍ കരുതലുകളാണ് ഇതിന് കാരണം. സ്‌പാനിഷ് സർക്കാരും ലോകാരോഗ്യ സംഘടനയും നല്‍കിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചാകും മത്സരങ്ങൾ നടക്കുക.
14ന് നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും കളത്തിലിറങ്ങും. ഈ മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. ബാഴ്‌സലോണ മല്ലോർക്കയെ നേരിടുമ്പോൾ മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡും ഐബറും നേർക്കുനേർ വരും. ഞായറാഴ്‌ച വൈകീട്ട് നടക്കുന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം നടക്കും. മൂന്ന് മാസത്തിനുശേഷം ഞായറാഴ്‌ച സൂപ്പർ താരം ലയണൽ മെസിയുടെ കളികാണാനുള്ള ആവേശത്തിലാണ് ഫുട്‌ബോൾ ആരാധകർ. കൂടാതെ വലത് കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം സുവാരസും ഇറങ്ങിയേക്കും.
കിരീട പോരില്‍ ബാഴ്‌സയും റയലും
നിലവില്‍ ജൂണ്‍ 26-വരെ 15 ദിവസത്തേക്കുള്ള ഫിക്‌സ്‌ചറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലീഗില്‍ ഇനി 11 റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലാണ് കിരീട പോരാട്ടം. പുതിയ പരിശീലകന്‍ ക്വിക്കെ സെറ്റിയന് കീഴിലാണ് ബാഴ്‌സ കളത്തിലിറങ്ങുക. 19 ഗോളുമായി ഗോൾവേട്ടയില്‍ ബഹുദൂരം മുന്നിലുള്ള മെസിയാണ് ബാഴ്‌സുടെ മുന്നേറ്റ നിരയിലെ പ്രധാന ആയുധം. ബാഴ്‌സ 18 കളികളില്‍ ജയിച്ചപ്പോൾ റയല്‍ 16 കളികളില്‍ മാത്രമാണ് ജയം സ്വന്തമാക്കിയത്. അതേസമയം റയല്‍ മൂന്ന് തോല്‍വി മാത്രമെ വഴങ്ങിയിട്ടുള്ളൂ. റയൽ മാഡ്രിഡ് ബെർണാബ്യൂ വിട്ട് ശേഷിക്കുന്ന ഹോം മത്സരങ്ങൾ പരിശീലന കേന്ദ്രത്തില്‍ നടത്തുന്നുവെന്ന പ്രത്യേകതയും പുനരാരംഭിക്കുന്ന 2020 സീസണുണ്ട്. ബെർണാബ്യൂവില്‍ നവീകരണ പ്രവർത്തികൾ നടക്കുന്നതിലാണ് ഹോം ഗ്രൗണ്ടില്‍ മാറ്റം വരുത്തിയത്. ഇതിഹാസതാരം ഡി സ്റ്റെഫാനോയുടെ പേരിലുള്ള 6000 പേർക്കിരിക്കാൻ കഴിയുന്ന സ്റ്റേഡിയം ആല്‍ഫ്രഡോ ഡിസ്റ്റഫാനോയിലാകും റയല്‍ ഇതിനായി ഉപയോഗിക്കുക.
മത്സരം കൊഴുപ്പിക്കാന്‍ വെർച്വല്‍ റിയാലിറ്റി
കാണികൾ ഇല്ലെങ്കിലും മത്സരം കൊഴുപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുകയാണ് ലാലിഗ അധികൃതർ. വെർച്വല്‍ റിയാലിറ്റിയുടെ സാധ്യതകളാണ് ഇതിനായി തേടുന്നത്. വെർച്വല്‍ കാണികളും കൃത്രിമ ശബ്‌ദവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മുന്നേറ്റം, ഗോൾ, ഫൗൾ തുടങ്ങിയവക്ക് മുമ്പ് റെക്കോഡ് ചെയ്‌ത ശബ്‌ദം ഉപയോഗിക്കും. ഇതിനായി ഫിഫ ഫുട്‌ബോൾ ഗെയിമിങ് പ്ലാറ്റ്‌ഫോമിനെയാണ് ലീഗ് അധികൃതർ ആശ്രയിക്കുന്നത്.
മത്സരം തുടങ്ങുന്നതിന് മുന്നോടിയായി കൊവിഡ് ബാധിച് മരിച്ചവർക്ക് ആദരം അർപ്പിക്കും. ഇതിനായി ഒരു മിനിറ്റ് മൗനം ആചരിക്കും. പുറമെ ജോർജ് ഫ്ലോയിഡ് സംഭവത്തിലും ലീഗില്‍ പ്രതിഷേധം ഉയർന്നേക്കും. ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകില്ലെന്ന് ലീഗ് അധികൃതർ ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. കൊവിഡിനെതിരെ ഒരു മാസത്തോളം നീണ്ട കരുതലിന് ഒടുവിലാണ് താരങ്ങൾ കളിത്തിലേക്ക് എത്തുന്നത്. നിരവധി തവണ ലീഗിലെ അംഗങ്ങൾക്ക് ഇടയില്‍ കൊവിഡ് 19 ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചിരുന്നു. ഇനി കിക്കോഫിന് മുമ്പുള്ള വിസിലിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.