സന്തോഷ് ട്രോഫിയില്‍ നിന്നും നിലവിലെ ചാമ്പ്യന്മാരായ കേരളം പുറത്ത്. കഴിഞ്ഞ തവണ കിരീടം ഉയര്‍ത്തിയ കേരളം ഇത്തവണ ഫൈനല്‍ റൗണ്ട് പോലും കാണാതെയാണ് പുറത്തായത്.
ഇന്ന് നടന്ന യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ സര്‍വ്വീസസിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് കേരളത്തിന് പുറത്തേക്ക് പോകേണ്ടി വന്നത്. ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. എങ്കിലും ഗ്രൂപ്പിലെ മറ്റു ഫലങ്ങള്‍ കേരളത്തെ തുണക്കുകയായിരുന്നു.
ഇന്ന് രാവിലെ കേരളത്തിന്റെ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ പോണ്ടിച്ചേരി തെലുങ്കാനയെ സമനിലയില്‍ പിടിച്ചതോടെ കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ സജീവമായി. ഇന്ന് സര്‍വ്വീസസിനെ നേരിടുമ്പോള്‍ രണ്ട് ഗോള്‍ വിജയം മാത്രം മതിയായിരുന്നു കേരളത്തിന് ഫൈനല്‍ റൗണ്ടിലെത്താന്‍. എന്നാല്‍ യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും നേടാൻ സാധിക്കാതെ കേരളം പരാജയപ്പെടുകയായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു സര്വ്വീസസിന്റെ വിജയ ഗോള്‍ പിറന്നത്. ഗോളിന് പിറകെ കേരളത്തിന്റെ അലക്സ് സജി റെഡ് കാർഡ് കണ്ട് പുറത്തുപോയതും കളിയില്‍ തിരിച്ചുവരാനുള്ള കേരളത്തിന്‍റെ സാധ്യതകൾക്ക് തിരിച്ചടിയായി. ഇതോടെ ആറ് പോയിന്‍റുമായി സര്‍വ്വീസസ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. അഞ്ച് പോയിന്റുമായി തെലങ്കാന രണ്ടാമതെത്തി. യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും നേടാൻ കഴിയാതിരുന്ന കേരള ടീം വലിയ നാണക്കേടോടെയാണ് മടക്ക ടിക്കറ്റെടുക്കുന്നത്.