ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടേബിള്‍ ടോപ്പര്‍മാരും നിവലിലെ ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റിയെ വിറപ്പിച്ച് ആഴ്‌സണല്‍ കീഴടങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചത്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ 10 പേരായി ചുരുങ്ങിയ ഗണ്ണേഴ്‌സിനെതിരെ 93ാം മിനിട്ടിലാണ് സിറ്റി വിജയ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 31ാം മിനിട്ടില്‍ ബുക്കായോ സാക്കയിലൂടെ ആഴ്‌സണലായിരുന്നു ആദ്യം മുന്നിലെത്തിയത്.
ടിയേര്‍നിയുടെ പാസില്‍ നിന്നാണ് താരം ആഴ്‌സണലിന് ലീഡ് നല്‍കിയത്. എന്നാല്‍ 56ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സിറ്റി ഒപ്പം പിടിച്ചു. ബോക്‌സിനകത്ത് ബെര്‍ണാഡോ സില്‍വയെ സാക്ക ഫൗള്‍ ചെയ്തതിന് വാര്‍ പരിശോധനയിലൂടെയാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
പെനാല്‍റ്റി ലക്ഷ്യത്തിലെത്തി മെഹ്‌റസ് സിറ്റിയെ ഒപ്പമെത്തിച്ചു. അനാവശ്യ ഫൗളിന് 59ാം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗബ്രിയേല്‍ പുറത്ത് പോയത് ആഴ്‌സണലിന് തിരിച്ചടിയായി.
തുടര്‍ന്ന് സിറ്റി ആക്രമണം കടുപ്പിച്ചെങ്കിലും 93ാം മിനിട്ടില്‍ റോഡ്രിയുടെ ഗോളിലൂടെയാണ് സംഘം വിജയം പിടിച്ചത്. മത്സരത്തിന്‍റെ 71 ശതമാവനും പന്ത് കൈവശം വയ്‌ക്കാനും സിറ്റിക്കായി.
also read: യുണൈറ്റഡിലെ പ്രകടനത്തില്‍ തൃപ്‌തനല്ലെന്ന് ക്രിസ്‌റ്റ്യാനോ
വിജയത്തോടെ 21 മത്സരങ്ങളില്‍ നിന്നും 53 പോയിന്‍റുള്ള സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 വിജയങ്ങളും രണ്ട് വീതം തോല്‍വിയും സമനിലയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്.
നിലവില്‍ 42 പോയിന്‍റുമായി രണ്ടാമതുള്ള ചെല്‍സിയേക്കാള്‍ 11 പോയിന്‍റ് വ്യത്യാസമാണ് സിറ്റിക്കുള്ളത്. അതേസമയം നാലാം സ്ഥാനത്താണ് ആഴ്‌സണല്‍. 20 മത്സരങ്ങളില്‍ 35 പോയിന്‍റാണ് സംഘത്തിനുള്ളത്.