മ്യൂണിക്ക്: പോളിഷ് സൂപ്പര്‍ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കി ഇന്ന് വല കുലുക്കിയാല്‍ സ്വന്തമാവുക അപൂര്‍വ നേട്ടം. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടമാണ് ബയേണ്‍ മ്യൂണിക്കിന്‍റെ സൂപ്പര്‍ ഫോര്‍വേഡ് ലെവന്‍ഡോവ്‌സ്‌കിയെ കാത്തിരിക്കുന്നത്. ബുണ്ടസ് ലീഗയിലെ ഈ സീസണില്‍ ഇതിനകം 40 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടില്‍ നിന്നും പിറന്നത്.
ബുണ്ടസ് ലീഗയിലെ ഈ സീസണിലെ അവസാന മത്സരമാണ് ബയേണിനെ കാത്തിരിക്കുന്നത്. അഗസ്‌ബര്‍ഗിനെതിരെ രാത്രി ഏഴിന് ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയിലാണ് പോരാട്ടം. സീസണില്‍ കപ്പ് നിലനിര്‍ത്തിയ ജര്‍മന്‍ കരുത്തരായ ബയേണ്‍ ഇതിനകം ഒമ്പത് തവണ തുടര്‍ച്ചയായി ബുണ്ടസ് ലീഗയില്‍ ജേതാക്കളായി.
ലീഗിലെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടകയില്‍ ഇതിഹാസ താരം ഗ്രെഗ് മുള്ളര്‍റുടെ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണിന്ന് പോളിഷ് സെന്‍റര്‍ ഫോര്‍വേഡിന് ലഭിച്ചിരിക്കുന്നത്. ഇരുവരും ഒരു സീസണില്‍ അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പമാണ്. 1971-72 സീസണിലാണ് ഗ്രെഗ് മുള്ളര്‍ ഒരു സീസണില്‍ 40 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്.
ബുണ്ടസ് ലീഗയുടെ എക്കാലത്തെയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ലെവന്‍ഡോവ്‌സ്‌കി രണ്ടാം സ്ഥാനത്താണ്. 276 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കിയുടെ പേരിലുള്ളത്. പട്ടികയില്‍ ഒന്നാമതുള്ള ഗ്രെഗ് മുള്ളര്‍ക്ക് 365 ഗോളുകളുടെ നേട്ടമാണുള്ളത്. ലെവന്‍ഡോവ്‌സ്‌കിയെക്കാള്‍ 89 ഗോളുകളുടെ മുന്‍തൂക്കം. ബയേണിനായി സമാന ഫോം തുടരുകയാണെങ്കില്‍ വരുന്ന രണ്ട് സീസണുകള്‍ കൊണ്ട് പോളിഷ് ഫോര്‍വേഡിന് മുള്ളറെ മറികടക്കാനാകും.
ഗോള്‍ഡന്‍ ബൂട്ട് ഉറപ്പാക്കി ലെവന്‍ഡോവ്‌സ്‌കി
ബുണ്ടസ് ലീഗയില്‍ ഇതിനകം ലെവന്‍ഡോവ്‌സ്‌കി സുവര്‍ണ പാദുകവും ഉറപ്പാക്കി കഴിഞ്ഞു. ബുണ്ടസ് ലീഗയില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ താരമാകാന്‍ ഒരുങ്ങുകയാണ് ലെവന്‍ഡോവ്‌സ്‌കി. ഏഴാമത്തെ തവണയാണ് ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കിയെ തേടിയെത്തുന്നത്. 2018 മുതല്‍ തുടര്‍ച്ചയായി പുരസ്‌കാരം നേടുന്ന ലെവന്‍ഡോവ്‌സ്‌കി അതിന് മുമ്പ് 2014ലും 2016ലുമാണ് സുവര്‍ണപാദുകം നേടിയത്. ഇതിന് മുമ്പ് ഏഴ് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയത് ജര്‍മന്‍ ഇതിഹാസ ഫോര്‍വേഡ് ഗ്രെഗ് മുള്ളര്‍ മാത്രമാണ്. ഫിഫയുടെ '100 ഗ്രേറ്റസ്റ്റ് ഫുട്‌ബോള്‍ പ്ലയര്‍മാരുടെ' പട്ടികയിലേക്ക് ഫുട്‌ബോള്‍ ഇതിഹാസം പെലെ നാമനിര്‍ദ്ദേശം ചെയ്‌തത് മുള്ളറുടെ പേരായിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍: ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോള്‍: ഫിഫയുടെ പരിഗണനയില്‍