ലണ്ടന്‍: ഒമിക്രോണിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ലീഗ് മാറ്റിവെച്ചേക്കുമെന്ന ഭയത്തില്‍ ക്ലബുകള്‍. ലീഗിലെ ടീമുകളില്‍ 42 പേര്‍ക്ക് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സീസൺ കൊവിഡ് (ഒമിക്രോൺ) വിഴുങ്ങുമെന്ന ഭീതി ക്ലബുകള്‍ക്കിടയില്‍ ഉടലെടുത്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പെർ, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതർക്കുമാണ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 42 ആഴ്‌ചയ്‌ക്കിടെ ലീഗില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ കൊവിഡ് നിരക്കാണിത്. ഇതോടെ നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്- ബ്രെന്‍റ് ഫോർഡ് മത്സരം അധികൃതര്‍ മാറ്റിവെക്കുകയും ചെയ്‌തു.
വാക്‌സിനേഷൻ പ്രക്രിയയുടെ വേഗത കുറവാണ് പ്രധാനമായും ക്ലബുകളുടെ ആശങ്ക വർധിപ്പിക്കുന്നത്. കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ പ്രതിരോധ ശേഷി നിലനില്‍ക്കുന്നുണ്ടെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ ഒമിക്രോണിനെതിരെ സംരക്ഷണം നൽകുന്നതിന് ബൂസ്റ്റർ ആവശ്യമാണെന്ന് വാദം ശക്തമാണ്.
ഇതോടെ മന്ദഗതിയില്‍ പുരോഗമിക്കുന്ന വാക്‌സിനേഷന്‍ പ്രക്രിയയില്‍ ബൂസ്റ്റര്‍ ലഭിക്കുന്നതിന് മിക്ക കളിക്കാരും കാത്തിരിക്കേണ്ടി വരുമെന്നതാണ് ക്ലബുകളെ ചിന്തിപ്പിക്കുന്നത്. നിലവില്‍ മിക്ക കളിക്കാരും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ഏക മുൻനിര ക്ലബ് വോൾവ്‌സ് എഫ്‌സിയാണെന്നാണ് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
ലീഡ്‌സും ബ്രെന്‍റ്‌ഫോർഡും കളിക്കാരുടെ വാക്സിനേഷന്‍ പ്രക്രിയയില്‍ മുന്നേറുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിനേഷനും ഇമ്മ്യൂണൈസേഷനും സംബന്ധിച്ച സംയുക്ത സമിതി പറയുന്നത് പ്രകാരം രണ്ടാമത്തെയും മൂന്നാമത്തെയും വാക്‌സിൻ ഡോസുകൾക്കിടയിൽ മൂന്ന് മാസത്തെ ഇടവേള നിർബന്ധമാണ് എന്നാണ്.
ഇതോടെ കൂടുതല്‍ കളിക്കാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കുന്നതിനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. ഇത് ക്ലബുകളെ അലട്ടുകയും, സീസണ്‍ മാറ്റിവെക്കലിനെക്കുറിച്ച് അധികൃതരെ ചിന്തിപ്പിക്കുകയും ചെയ്‌തേക്കാം.