ടൂറിന്‍: യുവന്‍റസിന്‍റെ അർജന്‍റീനന്‍ സൂപ്പർ താരം പൗലോ ഡിബാലക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ആറാഴ്‌ചയ്ക്കിടെ നടത്തിയ നാലാമത്തെ ടെസ്റ്റും പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് ഡിബാലക്ക് ഡോക്‌ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം താരം കൊവിഡ് മുക്തമാകാത്തത് ഇറ്റാലിന്‍ സീരി എയിലെ മുന്‍നിര ടീമായ യുവന്‍റസിന് ക്ഷീണം ചെയ്യും. സീരി എ നേരത്തെ താരങ്ങൾക്ക് മെയ് മാസം നാലാം തീയതി മുതല്‍ സാമൂഹിക അകലം പാലിച്ച് പരിശീലനം നടത്താന്‍ അനുവാദം നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിബാലക്ക് ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാകില്ല.
തനിക്കും കാമുകിക്കും കൊവിഡാണെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ മാർച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു. യുവന്‍റസിലെ സഹതാരങ്ങളായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്‌സ് മറ്റിയുഡിയും ഇതിനകം വൈറസ് മുക്തരായി കഴിഞ്ഞു. അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജന്മദേശമായ പൊർച്ചുഗീസിലെ വസതിയില്‍ കഴിയുകയാണ്.
ലോകത്ത് തന്നെ കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. 27,000 പേർ ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചപ്പോൾ. 200,000-ല്‍ അധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം ലീഗ് മത്സരങ്ങൾ എപ്പോൾ പുനരാരംഭിക്കാന്‍ അകുമെന്ന കാര്യത്തില്‍ ഇറ്റാലിയന്‍ സർക്കാർ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.