മാഡ്രിഡ്: ആദ്യമായി ബാഴ്‌സലോണ വനിത ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു ചരിത്രം കൂടി പിറന്നു. വനിതാലീഗിന്‍റെ 20 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ വംശജ കിരീടം സ്വന്തമാക്കി. നൈജീരിയന്‍ താരം ഒഷോലയുടേതാണ് ആ നേട്ടം.
നാല് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കിയ ഒഷോല 2019 മുതല്‍ ബാഴ്‌സയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരില്‍ ചെല്‍സിയുടെ പെണ്‍പടയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കപ്പടിച്ചത്. സീസണില്‍ ഇതിനകം 15 ഗോളുകള്‍ നേടിയ ഒഷോല സ്‌പാനിഷ് ലീഗ്, സ്‌പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ ബാഴ്‌സലോണയുടെ ഷെല്‍ഫിലെത്തിച്ചു.
കൂടുതല്‍ വായനക്ക്: മെസിയുമല്ല, റോണോയുമല്ല; യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടിന് പുതിയ അവകാശി
തെരുവില്‍ ഫുട്‌ബോള്‍ കളിച്ച് വളര്‍ന്ന ഒഷോല ഏറെ പ്രയാസപ്പെട്ടാണ് ദേശീയ തലത്തിലേക്ക് ഉയര്‍ന്നത്. 2014ല്‍ അണ്ടര്‍ 20 ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതോടെ ഫുട്‌ബോള്‍ കരിയറായി സ്വീകരിച്ചു. ആഭ്യന്തര ലീഗുകളുടെ ഭാഗമായ ഒഷോല ഇതുവരെ ലിവര്‍പൂള്‍, ആഴ്‌സണല്‍, ബാഴ്‌സലോണ എന്നീ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടി.
കൂടുതല്‍ വായനക്ക്: ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ബാഴ്‌സയുടെ പെണ്‍പട
കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ ഫ്രഞ്ച് കരുത്തരായ ലിയോണിന് മുന്നില്‍ ബാഴ്‌സലോണ അടിയറവ് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിലെ കലാശപ്പോരില്‍ ബാഴ്‌സയ്ക്കായി ആശ്വാസ ഗോള്‍ നേടിയത് ഒഷോലയായിരുന്നു.