കൊച്ചി : ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകൻ ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ (85)അന്തരിച്ചു. വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ രണ്ട് ദിവസത്തിന് ശേഷം നടക്കും.
1960ലെ റോം ഒളിമ്പിക്‌സിൽ മത്സരിച്ച ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു. റോം ഒളിമ്പിക്സിൽ ഫുട്‌ബോൾ
കളിച്ച ഇന്ത്യക്കാരിൽ ജീവിച്ചിരുന്ന അവസാന താരത്തെയാണ് ഒ.ചന്ദ്രശേഖരന്‍റെ വിയോഗത്തോടെ നഷ്‌ടമായത്.
1962 എഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും അദ്ദേഹമുണ്ടായിരുന്നു.1958 മുതൽ 1966 വരെ ദേശീയ ടീമിന്‍റെ ഭാഗമായിരുന്ന ചന്ദ്രശേഖരൻ 1969ലാണ് കാൽപന്ത് കളിയില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചത്.
1962ലെ ഏഷ്യൻ കപ്പിലും 1959, 1964 വർഷങ്ങളില്‍ മെർദേക്ക കപ്പില്‍ വെള്ളി നേടിയ ടീമിലും അംഗമായിരുന്നു. 1956-1966 വർഷങ്ങളിൽ മഹാരാഷ്‌ട്രയ്‌ക്കായി സന്തോഷ് ട്രോഫി കളിച്ചു. 1963ൽ നായകനായി കിരീടവും നേടിയിരുന്നു.
also read: ലോകകപ്പ് യോഗ്യത : സലായെ ഈജിപ്‌റ്റിലേക്ക് അയക്കില്ലെന്ന് ലിവര്‍പൂള്‍
ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളിലും തൃശൂർ സെന്‍റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലുമായി അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്‌റ്റന്‍റ് ജനറൽ മാനേജരായാണ് വിരമിച്ചത്.