ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആരാധകര്‍ നടത്തുന്ന പ്രതിഷേധം കളിക്കളത്തിലും സ്വാധീനം ചെലുത്തുകയാണ്. ഓള്‍ഡ് ട്രാഫോഡിലെ പ്രതിഷേധം ചെകുത്താന്‍മാരുടെ പ്രകടനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. പറഞ്ഞത് മറ്റാരുമല്ല പരിശീലന്‍ ഒലെ ഗണ്ണന്‍ സോള്‍ഷെയര്‍ തന്നെ. ലിവര്‍പൂളിനെതിരായ മത്സരത്തിന് മുമ്പായാണ് ഓള്‍ഡ് ട്രാഫോഡ് ആരാധകരുടെ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞത്.
ക്ലബ് ഉടമകളായ ഗ്ലേസിയര്‍ കുടുംബാംഗങ്ങള്‍ക്ക് എതിരെയാണ് യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം. ഗ്ലേസിയര്‍ കുടുംബത്തിന്‍റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരെയാണ് പ്രതിഷേധം കനക്കുന്നത്. ഇതിന്‍റെ ചൂട് മുഴുവന്‍ അറിഞ്ഞത് യുണൈറ്റഡിന്‍റെയും ലിവര്‍പൂളിന്‍റെയും താരങ്ങളാണ്. ഓള്‍ഡ് ട്രാഫോഡില്‍ മെയ് മൂന്നിന് ഇരു ടീമുകളും തമ്മില്‍ നടക്കാനിരുന്ന മത്സരം ആരാധകരുടെ പ്രതിഷേധം കാരണം മാറ്റിവെച്ചു. പിന്നാലെ കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോഡില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകള്‍ക്ക് മുന്നേ യുണൈറ്റഡ് ടീം സ്റ്റേഡിയത്തിലെത്തി. മത്സരം നടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് ലിവര്‍പൂള്‍ സംഘവും എത്തി. യുണൈറ്റഡിന്‍റെ ടീം കിടക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെയാണ് ഓള്‍ഡ് ട്രാഫോഡിലേക്ക് എത്തിയത്. ഇത്ര വലിയ മുന്നൊരുക്കം ടീം അംഗങ്ങളെ ഒരു പരിധിയിലധികം സ്വാധീനിച്ചിട്ടുണ്ടെന്നാണ് യുണൈറ്റഡ് പരിശീലകന്‍ പറയുന്നത്.
കൂടുതല്‍ വായനക്ക്: ലാലിഗയില്‍ കപ്പിനായി മാഡ്രിഡ് പോരാട്ടം, കരുത്തറിയിക്കാൻ റയലും അത്‌ലറ്റിക്കോ മാഡ്രിഡും
ഏതായാലും മത്സരത്തില്‍ യുണൈറ്റഡ് യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്‍റെ ജയം. സീസണില്‍ നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ മാസം 27ന് യൂറോപ്പ ലീഗിന്‍റെ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും നേര്‍ക്കുനേര്‍ വരും.
2016ല്‍ പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ ശേഷം യുണൈറ്റഡിന് വീണ്ടും കപ്പുയര്‍ത്താനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. നിര്‍ണായക മത്സരത്തിനുള്ള ഒരുക്കത്തിലാണ് സോള്‍ഷയറും ശിഷ്യന്‍മാരും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നോര്‍വീജിയന്‍ പരിശീലകന്‍റെ വെളിപ്പെടുത്തല്‍.