വാസ്‌കോ: ഗോവക്ക് എതിരായ മത്സരത്തില്‍ മുന്നേറ്റ താരം നെരിജസ് വാല്‍സ്‌കി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ജംഷഡ്‌പൂര്‍ എഫ്‌സിയുടെ പരിശീലകന്‍ ഓവന്‍ കോയല്‍. മത്സര ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാല്‍സ്‌കിയുടെ ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചില്ലായിരുന്നെങ്കില്‍ ഗോളായി മാറിയേനെ. ലീഗിലെ ഈ സീസണില്‍ വാല്‍സ്‌കിയുടെ പ്രകടനം ഏറെ മെച്ചപെട്ടതായും ഓവന്‍ കോയല്‍ പറഞ്ഞു.
എഫ്‌സി ഗോവക്ക് എതിരെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ എഫ്‌സി പരാജയപ്പെട്ടത്. മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ഇഗോര്‍ അംഗുലോയുടെ ഇരട്ട ഗോളുകളിലൂടെയായിരുന്നു ഗോവയുടെ ജയം.
ലീഗിലെ ഈ സീസണില്‍ നടന്ന എട്ട് മത്സരങ്ങളില്‍ ഗോവയുടെ മൂന്നാമത്തെ ജയമാണിത്. നിലവില്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഗോവക്ക് തൊട്ടുപിന്നില്‍ ആറാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍. ഗോവക്ക് 11ഉം ജംഷഡ്‌പൂരിന് 10 പോയിന്‍റുകളാണുള്ളത്. ക്രിസ്‌മസ് ഇടവേളക്ക് ശേഷം ഐഎസ്‌എല്‍ പോരാട്ടങ്ങള്‍ ഈ മാസം 26ന് പുനരാരംഭിക്കും. 26ന് ഈസ്റ്റ്ബംഗാളും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് അടുത്ത പോരാട്ടം.