ക്വാലാലംപൂർ: 2022-ലെ വനിതാ എഎഫ്‌സി ഏഷ്യാ കപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. 2022 ഡിസംബറില്‍ ആരംഭിച്ച് 2023 ജനുവരിയില്‍ അവസാനിക്കുന്ന രീതിയില്‍ ടൂർണമെന്‍റ് നടത്താനാണ് നീക്കം. അഹമ്മദാബാദും നവി മുംബൈയും ടൂർണമെന്‍റിന് വേദിയാകാനാണ് സാധ്യത.
12 ടീമുകളാകും ടൂർണമെന്‍റില്‍ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകളിലായാകും ആദ്യ ഘട്ടത്തില്‍ മത്സരം. ഓരോ ഗ്രൂപ്പിലും നാല് വീതം ടീമുകളാകും മാറ്റുരക്കുക. ഗ്രൂപ്പ് തലത്തില്‍ നിന്നും നോക്ക് ഔട്ട് റൗണ്ടിലേക്ക് എട്ട് ടീമുകൾ യോഗ്യത നേടും. തുടർന്ന് ഫൈനല്‍സും അരങ്ങേറും.
ഇത് രണ്ടാമത്തെ തവണയാണ് ഇന്ത്യ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ 1980-ല്‍ കോഴിക്കോട് വെച്ചാണ് ടൂർണമെന്‍റ് നടന്നത്.
നേരത്തെ ഇന്ത്യ 2017-ല്‍ ഫിഫയുടെ അണ്ടർ 17ന് പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിച്ചിരുന്നു. നിലവില്‍ 2021 ഫെബ്രുവരിയില്‍ അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. കൊവിഡ് 19 ഭീതി വിട്ടൊഴിഞ്ഞാല്‍ മുന്‍ തീരുമാനിച്ച പ്രകാരം ടൂർണമെന്‍റ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.