ബര്‍ലിന്‍ : ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. വെസ്റ്റ് ജര്‍മനിക്കായി 1966നും 1974നും ഇടയില്‍ ബൂട്ട് കെട്ടിയ താരം 62 മത്സരങ്ങളില്‍ നിന്നായി 68 ഗോളുകള്‍ നേടിയിട്ടുണ്ട്.
1974ലെ ലോകകപ്പില്‍ രാജ്യത്തിന്‍റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരം തന്നെയാണ് നെതര്‍ലാന്‍ഡിനെതിരായ ഫൈനലില്‍ വിജയ ഗോള്‍ കണ്ടെത്തിയതും.
15 വര്‍ഷക്കാലം ബുണ്ടെസ് ലിഗ ക്ലബായ ബയേണ്‍ മ്യൂണിക്കിന്‍റെ ശ്രദ്ധേയ താരമായിരുന്ന മുള്ളര്‍ 607 മത്സരങ്ങളില്‍ നിന്നായി 566 ഗോളുകള്‍ നേടിയിട്ടുണ്ട്.
1970 ലെ ലോകകപ്പില്‍ പത്ത് ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരം ആ വര്‍ഷത്തെ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരവും സ്വന്തമാക്കി.
1972ൽ 85 ഗോളുകള്‍ നേടിയ താരം ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2012ൽ ലയണൽ മെസിയാണ് മുള്ളറിന്‍റെ ഈ റെക്കോര്‍ഡ് തിരുത്തിയത്.
also read: 'സ്വാതന്ത്ര്യദിനാശംസകൾ ഇന്ത്യ' ; ഏവരെയും മിസ് ചെയ്യുന്നുവെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍
ബുണ്ടെസ് ലിഗയില്‍ 40 ഗോളുകള്‍ കണ്ടെത്തി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന മുള്ളറുടെ റെക്കോര്‍ഡ് 49 വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മേയിലാണ് റോബർട്ട് ലെവൻഡോവ്സ്‌കി മറികടന്നത്.
ഫുട്ബോളില്‍ നിന്നും വിരമിച്ച ശേഷം ബയേണ്‍ മ്യൂണിക്കിന്‍റെ കോച്ചായും മുള്ളര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.