മാഡ്രിഡ്: കൊവിഡിന് ശേഷം ഫുട്‌ബോൾ മൈതാനങ്ങൾ ഉണർന്നു. ആളും ആരവവും ഇല്ലാതെ ഒരു സീസൺ അവസാനിച്ചു. ക്ലബ് ഫുട്‌ബോളില്‍ പുതിയ സീസൺ ആരംഭിക്കുകയാണ്. പ്രായം തളർത്തിയ താരങ്ങളെ ഒഴിവാക്കിയും മികച്ചവരെ കണ്ടെത്താൻ പണമെറിഞ്ഞും യൂറോപ്പിലെ പ്രമുഖ ടീമുകൾ ശ്രമം തുടരുകയാണ്. ചാമ്പ്യൻസ് ലീഗിലെ വമ്പൻ തോല്‍വിക്ക് ശേഷം പരിശീലകനെ അടക്കം പറഞ്ഞുവിട്ട ബാഴ്‌സലോണയാണ് അടിമുടി അഴിച്ചു പണി നടത്തുന്ന പ്രമുഖ ടീം. ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസ്, പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ ടീമുകൾ തുടങ്ങി പ്രമുഖരെല്ലാം അഴിച്ചുപണി തുടങ്ങിക്കഴിഞ്ഞു. താരങ്ങളുടെ കൈമാറ്റ വിപണിയില്‍ ആദ്യം കൈവെച്ചത് പ്രീമിയർ ലീഗ് വമ്പൻമാരായ ചെല്‍സിയാണ്. റെഡ്‌ബുൾ ലെയ്‌പിഗില്‍ നിന്ന് ജർമൻ താരം മുന്നേറ്റതാരം തിമോ വെർണറെ ടീമിലെത്തിച്ചാണ് ചെല്‍സി ഒരു പടി കടന്നു ചിന്തിച്ചത്.
പുതിയ പരിശീലകനായി ആന്ദ്രേ പിർലോ എത്തിയതോടെ യുവന്‍റസും പുതിയ മുഖങ്ങൾ തേടുകയാണ്. അതിന്‍റെ ഭാഗമായി ബ്രസീലിയൻ വിങർ ഡഗ്ലസ് കോസ്റ്റയെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുവന്‍റസ് വിട്ടാല്‍ 29 കാരനായ കോസ്റ്റയെ ടീമിലെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്‍പര്യമുണ്ട്. പക്ഷേ 20കാരനായ ബൊറുസിയ ഡോർട്‌മുണ്ട് താരം ജാഡൻ സാഞ്ചോയിലാണ് ഇംഗ്ലീഷ് ക്ലബിന് കൂടുതല്‍ താല്‍പര്യം. പക്ഷേ സാഞ്ചോയെ വിട്ടുനല്‍കാൻ ഡോർട്‌മുണ്ട് താല്‍പര്യം കാണിക്കുന്നില്ല.
ബാഴ്‌സലോണയുടെ താരമായ ബ്രസീലിയൻ പ്ലേമേക്കർ ഫിലിപ്പെ കുടിന്യോ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ്. ബാഴ്‌സയില്‍ നിന്ന് ജർമൻ ക്ലബായ ബയേണിലേക്ക് ലോൺ അടിസ്ഥാനത്തില്‍ പോയ കുടിന്യോ തിരികെ ബാഴ്‌സയിലേക്ക് തന്നെ വരിയാണ്. ബയേണില്‍ കുടിന്യോയ്ക്ക് അവസരം കുറവാണ്. പുതിയ ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാൻ കുടിന്യോയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഈ അവസ്ഥയില്‍ പ്രീമിയർ ലീഗ് ക്ലബുകളായ ചെല്‍സി, ടോട്ടൻഹാം, ആഴ്‌സണല്‍ എന്നി ടീമിുകളില്‍ ഒന്നിലേക്ക് പോകാനാണ് പഴയ ലിവർപൂൾ താരമായ ഫിലിപ്പോ കുടിന്യോ ആഗ്രഹിക്കുന്നത്.
കൊളംബിയൻ ഫുട്‌ബോൾ താരം ജെയിംസ് റോഡ്രിഗസിന്‍റെ അവസ്ഥയും സമാനമാണ്. ഏറെ പ്രതീക്ഷയോടെ സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡില്‍ എത്തിയ റോഡ്രിഗസിന് പക്ഷേ സിദാന്‍റെ ടീമില്‍ അവസരങ്ങൾ കുറവാണ്. മുപ്പതുകാരനായ ജെയിംസിനെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെല്‍സി, ആഴ്‌സണല്‍, ടോട്ടൻഹാം, എവർട്ടൺ, ന്യൂകാസില്‍ അടക്കമുള്ള ടീമുകൾ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് പോകാൻ താല്‍പര്യമുണ്ടെന്ന് റോഡ്രിഗസും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ലോക നിലവാരത്തിലാണ് ജർമൻ ക്ലബായ ബയേൺ മ്യൂണിച്ച് കളിക്കുന്നത്. ബയേണിന്‍റെ മധ്യനിരയില്‍ നിറഞ്ഞ് കളിക്കുന്ന തിയാഗോ അലക്‌സാന്ദ്രയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളാണ്. സ്‌പാനിഷ് താരത്തിന് ലിവർപൂളിലേക്ക് പോകണമെന്ന് ആഗ്രഹവുമുണ്ട്. 27മില്യണാണ് തിയോഗോയ്ക്ക് ബയേൺ വിലയിട്ടത്. എന്നാല്‍ അത് കൂടുതലാണെന്നാണ് ലിവർപൂൾ പറയുന്നത്.
ക്രൊയേഷ്യൻ മധ്യനിരതാരമായ ഇവാൻ റാക്കിട്ടിച്ചിന് ബാഴ്‌സ വിട്ടേ മതിയാകൂ. ചാമ്പ്യൻസ് ലീഗിലെ തോല്‍വിയും ടീമിലെ പടലപ്പിണക്കവും റാക്കിട്ടിച്ചിനെ പുതിയ താവളം തേടാൻ പ്രേരിപ്പിക്കുകയാണ്. സ്പാനിഷ് ടീമായ സെവിയ്യ, ഇംഗ്ലീഷ് വമ്പൻമാരായ ആഴ്‌സണല്‍, ടോട്ടൻഹാം എന്നിവയിലേതെങ്കിലും റാക്കിട്ടിച്ച് ഉടൻ തെരഞ്ഞെടുക്കും. ഒൻപത് മില്യണാണ് സെവിയ്യ വില പറഞ്ഞിരിക്കുന്നത്.
പോർച്ചുഗല്‍ താരം ബ്രൂണോ ഫെർണാണ്ടസ് വരുന്നത് വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മധ്യനിരയില്‍ ജെസെ ലിൻഗാർഡിന് കൃത്യമായ സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ ബ്രൂണോയും പിന്നീടെത്തിയ യുവതാരം മാസൺ ഗ്രീൻവുഡും ചുവപ്പു ജഴ്‌സിയില്‍ തിളങ്ങിയതോടെ ലിൻഗാർഡ് ബെഞ്ചിലായി. 27കാരനായ ലിൻഡാർഡ് അതോടെ മറ്റ് താവളങ്ങൾ തേടേണ്ട സ്ഥിതിയായി. ഇറ്റാലിയൻ സിരി എയില്‍ എസി മിലാനാണ് ലിൻഗാർഡിന് വേണ്ടി താല്‍പര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ മാഞ്ചസ്റ്ററില്‍ നിന്ന് എത്തിച്ച ആഷ്‌ലി യംഗ്, ക്രിസ് സ്‌മാളിങ്, റൊമേലു ലുക്കാക്കു എന്നിവർ ഇറ്റലിയില്‍ തകർത്തു കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലിൻഡാർഡിനും സിരി എയില്‍ താല്‍പര്യമുണ്ട്.
ഇംഗ്ലീഷ് ഫുട്‌ബോൾ ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും മാഞ്ചസ്റ്റർ സിറ്റിയില്‍ ജോൺ സ്റ്റോൺസിന് അവസരമില്ല. പ്രതിരോധത്തിലെ പാളിച്ചകൾ പലപ്പോഴും പുറത്തുവരുമ്പോഴും പെപ് ഗാർഡിയോള സ്റ്റോൺസിന് അവസരം നല്‍കിയില്ല. ഈ സീസണോടെ സ്റ്റോൺസ് സിറ്റി വിടാനൊരുങ്ങുകയാണ്. ചെല്‍സി, ആഴ്‌സണല്‍, വെസ്റ്റ് ഹാം, എവർട്ടൺ എന്നി ടീമുകൾക്ക് സ്റ്റോൺസിന്‍റെ മേല്‍ കണ്ണുണ്ട്.
ചാമ്പ്യൻസ് ലീഗ് കിരീടം നേടി പിഎസ്‌ജിയോട് വിടപറയാനൊരുങ്ങുകയാണ് ബ്രസീലിയൻ നായകൻ തിയാഗോ സില്‍വ. 36കാരനായ സില്‍വയ്ക്ക് മുന്നില്‍ ഓഫറുകൾ നിരവധിയാണ്. ചെല്‍സി, എസി മിലാൻ, ഫിയോറന്‍റീന തുടങ്ങി പ്രമുഖ ടീമുകൾ സില്‍വയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ബാഴ്‌സലോണയില്‍ നിന്ന് യുവ പ്രതിരോധ താരം സേവ്യർ ബുയാംബയെ ചെല്‍സി റാഞ്ചിയിട്ടുണ്ട്. 18കാരനായ ബുയാംബ ലോൺ അടിസ്ഥാനത്തിലാകും സ്റ്റാംഫോർഡ് ബ്രിഡ്‌ജില്‍ കളിക്കുക. അതേസമയം ചെല്‍സി താരം എൻഗോളോ കാന്‍റെയെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. മാർക്കോസ് അലോൻസോ, ഒലിവർ ജിറൗഡ് എന്നിവർ ചെല്‍സി വിട്ട് മറ്റ് താവളങ്ങൾക്കായി ശ്രമിക്കുന്നുണ്ട്. സ്‌പാനിഷ് വമ്പൻമാരായ റയലില്‍ നിന്ന് ഗരെത് ബെയ്‌ല്‍ ടോട്ടൻഹാമിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതാണ് കൂടുമാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം. ബ്രസീലിയൻ താരം ജോർജിഞ്യോ ഇറ്റാലിയൻ ക്ലബായ റോമയിലേക്ക് പോകുമെന്നും സൂചനയുണ്ട്.