മാഡ്രിഡ്: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗ് (ഇ.എസ്.എല്‍) താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും റയൽ മാഡ്രിഡ് പ്രസിഡന്‍റും ലീഗ് ചെയർമാനുമായ ഫ്ളോറന്‍റീനോ പെരസ്. ലീഗില്‍ നിന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആറു ക്ലബുകള്‍ പിന്മാറിയതിന് പിന്നാലെ സ്പാനിഷ് റേഡിയോ സ്‌റ്റേഷന് അനുവദിച്ച അഭിമുഖത്തിലാണ് പെരസ് ഇക്കാര്യം വ്യക്തമാക്കിയത്.
''ഇ.എസ്.എല്ലിന്‍റെ ഭാഗമായിട്ടുള്ള 12 ക്ലബ്ബുകളും കരാർ ഒപ്പിട്ടതാണ്. അവര്‍ പിന്മാറിയിട്ടില്ല. ഇത്തരത്തിൽ പുറത്തുപോകാൻ അവര്‍ക്ക് കഴിയില്ല. ഫുട്‌ബോളിനെ രക്ഷിക്കാനാണ് യൂറോപ്യൻ സൂപ്പർ ലീഗ്. ചിലപ്പോൾ ഇ.എസ്.എല്‍ എന്താണെന്ന് എല്ലാവരെയും മനസ്സിലാക്കിക്കൊടുക്കാന്‍ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അതുവിശദമായി പറഞ്ഞുകൊടുക്കാനുള്ള അവസരവും അവർ ഞങ്ങൾക്ക് തന്നില്ല.'' പെരസ് പറഞ്ഞു.
READ MORE:യൂറോപ്യൻ സൂപ്പർ ലീഗ്; ഇംഗ്ലീഷ് ക്ലബ്ബുകള്‍ പിന്മാറി
അതേസമയം യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെറിനും വിവിധ രാജ്യങ്ങളിലെ ഫുട്ബോൾ അധികാരികളും ഇ.എസ്.എല്ലിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും പെരസ് ആരോപിച്ചു. ''ഞാൻ 20 വർഷമായി ഫുട്ബോളിൽ ഉണ്ട്, ഇതുപോലുള്ള ഭീഷണികൾ ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ ആരെയെങ്കിലും കൊന്നത് പോലെയായിരുന്നു ഇത്. ഞങ്ങൾ ഫുട്ബോളിനെ കൊന്നത് പോലെയായിരുന്നു ഇത്. എന്നാൽ ഞങ്ങൾ ഫുട്ബോളിനെ സംരക്ഷിക്കാനാണ് ശ്രമം നടത്തുന്നത്'' പെരസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്‌സണല്‍ എന്നിവര്‍ ഇ.എസ്.എല്ലില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആരാധകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ക്ലബുകളുടെ പിന്മാറ്റം. നിലവില്‍ സ്പാനിഷ് ലീഗ് ക്ലബ്ബുകളായ ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, റയല്‍ മാഡ്രിഡ്, എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്.