അസർബൈജാൻ : വെയ്‌ല്‍സിനോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട് തുര്‍ക്കി. 42-ാം മിനിറ്റിൽ എരോൺ റാംസിയും,രണ്ടാം പകുതിയുടെ അധിക സമയത്ത് കോണ്ണർ റോബർട്ട്സുമാണ് വെയ്ൽസിനായി ഗോൾ നേടിയത്.
നായകൻ ഗാരത് ബെയ്‌ൽ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ട് ഗോളുകൾക്കും അവസരം ഒരുക്കി പ്രായച്ഛിത്തം ചെയ്‌തു. യോഗ്യത മത്സരങ്ങളിൽ പല വമ്പന്മാരെയും വിറപ്പിച്ചെത്തിയ തുർക്കിക്ക് തുടര്‍ച്ചയായ രണ്ട് തോല്‍വി അപ്രതീക്ഷിത തിരിച്ചടിയാണ്. ഇതോടെ യൂറോയില്‍ തുര്‍ക്കിയുടെ നിലനില്‍പ്പ് പരുങ്ങലിലായി.
മുന്നാം ശ്രമത്തില്‍ വെയ്‌ൽസിന് ലീഡ്
നിലനിൽപ്പിന്‍റെ മത്സരമായതിനാല്‍ ഇരുവരും തുടക്കം മുതൽ അക്രമിച്ചാണ് കളിച്ചത്. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ റാംസിക്ക് ഗോളിനുള്ള അവസരം ബെയ്‌ൽ ഒരുക്കി നൽകിയെങ്കിലും തുർക്കി ഗോൾ കീപ്പർ കാകിർ വില്ലനായി.
ഒമ്പതാം മിനിറ്റിലും 14-ാം മിനിറ്റിലും തുർക്കി രണ്ട് തവണ വെയ്‌ൽസിനെ പരീക്ഷിച്ചു. 24-ാം മിനിറ്റിൽ വെയ്‌ൽസിന് സുവർണാവസരം കൈ വന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ഗാരത് ബെയ്‌ൽ നല്‍കിയ പാസ് സ്വീകരിക്കുമ്പോള്‍ റാംസിയുടെ മുൻപിലുണ്ടായിരുന്നത് ഗോൾ കീപ്പർ മാത്രമായിരുന്നു. പക്ഷേ പന്ത് പറന്നത് പോസ്റ്റിന് മുകളിലൂടെ.
also read: യൂറോ കപ്പ്: പോഗ്ബയെ കടിച്ചിട്ടില്ലെന്ന് റൂഡിഗര്‍; വിവാദമാക്കേണ്ടെന്ന് പോഗ്ബ
29, 37 മിനിറ്റുകളിൽ ലീഡിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മികച്ച ഗോള്‍ലൈൻ സേവുകളിലുടെ വെയ്‌ൽസ് കളി നിയന്ത്രിച്ചു. ഒടുവിൽ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നപോലെ എരോൺ റാംസിയുടെ ഗോൾ ശ്രമം 42-ാം മിനിറ്റിൽ ഫലം കണ്ടു.
മധ്യവരയ്ക്ക് മുൻപിലുണ്ടായിരുന്ന ബെയ്‌ൽ തുർക്കി പ്രതിരോധനിരയ്‌ക്ക് മുകളിലൂടെ പന്ത് റാംസിയെ ഏൽപ്പിച്ചു. മനോഹരമായി തന്‍റെ നെഞ്ചിൽ കണക്ട് ചെയ്ത റാംസി പന്തിനെ വലം കാലുകൊണ്ട് അനായാസം വലയിലെത്തിച്ചു. വെയ്‌ൽസിന് 1-0ന്‍റെ ലീഡ്.
സമനിലയ്ക്കായി തുർക്കിയും, ഗോളടിച്ച് വെയിൽസും
രണ്ടാം പകുതിയിൽ സമനില ഗോളിനായി തുർക്കി പകരക്കാരെ ഇറക്കി ആക്രമിച്ചുകളിച്ചു.54-ാം മിനിറ്റില്‍ തുർക്കിയുടെ കോർണർ കിക്കിനെ വെയ്‌ൽസിന്‍റെ വലയിലെത്തിക്കാനുള്ള ശ്രമത്തിനിടെ തുർക്കി നായകന്‍റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി. 58-ാം മിനിറ്റിൽ റാംസി വീണ്ടും ഗോളിന് ശ്രമിച്ചെങ്കിലും കാകിർ തടഞ്ഞു.
തൊട്ടുപിന്നാലെ ഗാരത്ത് ബെയ്‌ലിനെ വീഴ്ത്തിയതിന് 60-ാം മിനിറ്റിൽ പെനാല്‍റ്റി വഴങ്ങേണ്ടിവന്നത് തുർക്കിയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പെനാല്‍റ്റി കിക്കെടുത്ത ബെയ്‌ലിന്‍റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
സമയം നീങ്ങുന്നതിനനുസരിച്ച് തുർക്കി ആക്രമണത്തിന്‍റെ മൂർച്ച കൂട്ടി. തുടരെ അറ്റാക്കുകളും പകരക്കാരെ ഇറക്കലും മുറയ്ക്ക് നടത്തി ശ്രമങ്ങൾ തുടർന്നു. എന്നാല്‍ ബുറാക്ക് യിൽമാസിന്‍റെ നീക്കങ്ങൾ വെയ്‌ൽസിനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ വെയ്‌ൽസ് പ്രതിരോധിച്ചു കളിച്ചു.
വെയ്‌ൽസിന്‍റെ കീപ്പർ ഡാനി വാർഡാണ് തുർക്കിയുടെ നീക്കങ്ങൾക്ക് തടയിട്ടത്. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപ് വെയ്‌ൽസിന്‍റെ വിജയ ഗോൾ വന്നു. ഈ ഗോളിനും വഴിയൊരുക്കിയത് നായകൻ ഗരേത്ത് ബെയിലായിരുന്നു. കോണ്ണർ റോബർട്ട്സായിരുന്നു ഗോളിനുടമ.
ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റ തുർക്കിയുടെ രണ്ടാം തോൽവിയോടെ ആവരുടെ നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.അതേസമയം ഈ വിജയവും ആദ്യ മത്സരത്തിലെ സമനിലയും വെയ്‌ൽസിനെ ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരായി.