ലിസ്‌ബണ്‍: ദീപാവലി ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. രാത്രി 7.30തോടെ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് പുലര്‍ച്ചെയാകുന്നതോടെ നിറം വര്‍ദ്ധിക്കും. ലോക ഫുട്‌ബോളിലെ വമ്പന്‍മാരാണ് വരാനിരിക്കുന്ന മണിക്കൂറുകളില്‍ കൊമ്പുകോര്‍ക്കാന്‍ പോകുന്നത്.
ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് രാത്രി 1.15ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പറങ്കിപ്പടയെ നേരിടും. പോര്‍ച്ചുഗലിലെ ലിസ്‌ബണിലാണ് സൂപ്പര്‍ പോരാട്ടം നടക്കുക. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ബൂട്ടണിയുന്ന കാര്യം സംശയമാണ്. പരിക്കില്‍ നിന്നും മോചിതനായ എംബാപ്പെ കഴിഞ്ഞ ദിവസം ദേശീയ ടീമിന് വേണ്ടി പരിശീലനം നടത്താന്‍ എത്തിയിരുന്നു. പിഎസ്‌ജിക്ക് വേണ്ടിയുള്ള മത്സരത്തിനിടെയാണ് എംബാപ്പെയുടെ കാലിന് പരിക്കേറ്റത്.
ഇരു ടീമുകളും നേഷന്‍സ് ലീഗിന്‍റെ ഭാഗമായി കഴിഞ്ഞ മാസം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയിലാണ് പോരാട്ടം അവസാനിച്ചത്. ഇന്ന് എംബാപ്പെ കളിക്കുകയാണെങ്കില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായി മത്സരം മാറും. ഫ്രാന്‍സിന് വേണ്ടി എംബാപ്പെയും പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബൂട്ടണിയുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ജര്‍മനിയും യുക്രെയിനും നേര്‍ക്കുനേര്‍ വരും. ജര്‍മനിയിലെ റഡ്ബുള്‍ അരീനയിലാണ് പോരാട്ടം നടക്കുക. സ്വീഡന്‍ കഴിഞ്ഞ തവണത്തെ ലോകകപ്പിലെ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യയെ നേരിടും. സ്വറ്റ്സര്‍ലന്‍ഡും, സ്‌പെയിനും തമ്മിലാണ് മറ്റൊരു പോരാട്ടം. പ്രധാന മത്സരങ്ങളെല്ലാം ഒരേ സമയത്ത് നടക്കുന്നതാണ് ആരാധകരെ കുഴക്കുന്നത്.