മലപ്പുറം: ലോകത്ത് എവിടെ ഫുട്‌ബോൾ മത്സരം നടന്നാലും അതിന്‍റെ ആവേശം മലപ്പുറത്ത് അലയടിക്കും. അത് ലാറ്റിനമേരിക്കൻ ഫുട്‌ബോളാകുമ്പോൾ ആവേശം ഇരട്ടിയാകും. ഫുട്‌ബോളിന്‍റെ എല്ലാ സൗന്ദര്യവും കാലുകളില്‍ നിറച്ച് അർജന്‍റീനയും ബ്രസീലും നേർക്കു നേർ വരുമ്പോൾ ആവേശത്തിന് അതിരുകളില്ലാതാകും.
ആഘോഷം അതിരു കടന്നില്ല
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആരാധകർ സ്വയം നിയന്ത്രിച്ചു. ബ്രസീലിനെ പരാജയപ്പെടുത്തി അർജന്‍റീന കോപ്പ അമേരിക്ക കിരീടം നേടിയത് സൈബർ ഇടങ്ങളിലാണ് അധികം പേരും ആഘോഷിച്ചത്. ആഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കി. പക്ഷേ കടുത്ത മെസി ആരാധകർ വിജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.
അതേസമയം, മത്സരത്തിന് ഒരു ഫൈനലിന്‍റെ നിലവാരമുണ്ടായിരുന്നില്ലെന്നാണ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു ഷറഫലിയുടെ അഭിപ്രായം. താനൊരു ബ്രസീൽ ആരാധകൻ ആണെങ്കിൽ പോലും മെസിക്ക് ദേശീയ ടീമിന് വേണ്ടി ഒരു കിരീടം നേടി കൊടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്‍റീനയുടെ കിരീട വിജയത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് കേരള പൊലീസ് ഫുട്ബോൾ ടീം മാനേജർ ഹബീബ് റഹ്മാൻ പറഞ്ഞു.