സാവോ പോളോ : ലാറ്റിൻ അമേരിക്കൻ ശക്തികൾ ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിന് നാളെ ബ്രസീലിൽ കിക്കോഫ്. നിലവിലെ ജേതാക്കളായ ചിലിയടക്കം 12 രാജ്യങ്ങളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ലാറ്റിൻ അമേരിക്കന്‍ ടീമുകള്‍ക്ക് പുറമേ പ്രത്യേക ക്ഷണിതാക്കളായി ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറും റണ്ണേഴ്സപ്പായ ജപ്പാനും കോപ്പയിൽ പങ്കെടുക്കുന്നുണ്ട്.
ബ്രസീലിലെ അഞ്ച് നഗരങ്ങളിലെ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂർണമെന്‍റിന് നാളെ ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലേറ്റുമുട്ടന്ന മത്സരത്തോടെ തുടക്കമാകും. മൂന്നു ഗ്രൂപ്പുകളായിട്ടാണ് ടീമുകളെ തരംതിരിച്ചത്. ഒരോ ഗ്രൂപ്പിലേയും ആദ്യ രണ്ടുസ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. കൂടാതെ മൂന്നു ഗ്രൂപ്പുകളിലെയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കും അവസാന എട്ടിലേക്ക് യോഗ്യത ലഭിക്കും. ആതിഥേയരായ ബ്രസീൽ, ലയണൽ മെസിയുടെ അർജന്‍റീന, ഉറുഗ്വേ ടീമുകളാണ് ഇത്തവണയും കിരീട ഫേവറിറ്റുകൾ.
15 തവണ ചാമ്പ്യന്‍മാരായ യുറുഗ്വായാണ് കൂടുതല്‍ തവണ കപ്പുയർത്തിയ ടീം. അര്‍ജന്‍റീന പതിനാലും ബ്രസീല്‍ എട്ടുതവണയും ചാമ്പ്യന്‍മാരായി. 2015-ലും 2016-ലും ചിലിയാണ് കിരീടം നിലനിർത്തിയത്. ബ്രസീൽ 2007-ൽ അവസാനമായി കിരീടമുയർത്തിയപ്പോൾ 1993-ലാണ് അര്‍ജന്റീനക്ക് കിരീടം നേടാനായത്.
ഇത്തവണ കോപ്പയിൽ സൂപ്പർതാരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. ടൂർണമെന്‍റിന് മൂന്നോടിയായുള്ള പരിശീലന മത്സരത്തിൽ പരിക്കേറ്റ താരത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്. നെയ്മറിന് പകരക്കാരനായി ചെൽസി താരം വില്യണെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നായകൻ ഡാനി ആല്‍വസ് നേതൃത്വം നൽകുന്ന ടീമിൽ, ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, കസീമിറോ, മാര്‍ക്വീനോസ് തുടങ്ങിയ സീനിയർ താരങ്ങൾക്കൊപ്പം ഗബ്രിയേല്‍ ജെസൂസ്, റിച്ചാലിസന്‍, ഡേവിഡ് നെരസ്, ലൂക്കാസ് പാക്വീറ്റ, എവര്‍ട്ടന്‍ തുടങ്ങിയ യുവതാരങ്ങളും പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങള്‍ക്ക് ശക്തിപകരും.
പരിക്കുകളുടെ തലവേദനയില്ലെങ്കിലും ടീമെന്ന നിലയിൽ മെസിയുടെ നിഴലിൽ ഒതുങ്ങാറാണ് അർജന്‍റീനയുടെ പതിവ്. പരിശീലകന്‍ ലയണല്‍ സ്‌കോലേനി പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ്. മെസിക്ക് പുറമേ സെര്‍ജിയോ അഗ്യൂറോ, എയിഞ്ചല്‍ ഡി മരിയ, പൗളോ ഡിബാല, ലൗട്ടാറോ മാര്‍ട്ടിനെസ്, ജിയോവാനി ലോ സെല്‍സോ, ലിയനാര്‍ഡോ പാരഡെസ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. ഡിഫൻസാണ് അർജന്‍റീനയുടെ തലവേദന.
നിലവിലെ ചാമ്പ്യൻമാരായ ചിലി ഹാട്രിക്ക് കിരീടം ലക്ഷ്യമാക്കിയാണ് ഇത്തവണ എത്തുന്നത്. പരിചയ സമ്പന്നരായ കളിക്കാരാണ് ചിലിയുടെ ടീമിലെ സാന്നിധ്യം. അലക്‌സിസ് സാഞ്ചസ്, അര്‍ട്ടൂറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് തുടങ്ങിയ പഴയ പടക്കുതിരകളിലാണ് ചിലി വിശ്വാസമര്‍പ്പിക്കുന്നത്. എങ്കിലും യുവതാരങ്ങളുടെ കുറവ് ടീമിനെ ബാധിച്ചേക്കാം. എഡിന്‍സന്‍ കവാനി - ലൂയി സുവാരസ് മുന്നേറ്റത്തിലാണ് ഉറുഗ്വേയുടെ പ്രതീക്ഷ. പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് പരിശീലകന്‍ ഓസ്കര്‍ ടബാരസ് കോപ്പയിൽ അണി നിരത്തുന്നത്. ഇന്ത്യൻ സമയം പുലർച്ചെ ആറ് മണിക്കാണ് ബ്രസീൽ -ബൊളീവിയ ഉദ്ഘാടന മത്സരം. ജൂലൈ എട്ടിന് മാരക്കാനയിലാണ് ഫൈനൽ.