ലണ്ടന്‍: കറബാവോ കപ്പ് സെമി ഫൈനല്‍ ലൈനപ്പായി. ഇന്ന് പുലര്‍ച്ചയോടെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ അവസാനിച്ചത്. ആഴ്‌ണൽ, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്തിയത്.
രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനൽ മത്സരങ്ങള്‍ ജനുവരി 3, 10 എന്നീ തിയതികളില്‍ നടക്കും. ഫെബ്രുവരി 27ന് വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.
സെമി ഫൈനല്‍ പോരാട്ടം ഇങ്ങനെ
ആഴ്‌സണല്‍ vs ലിവര്‍പൂള്‍
ചെല്‍സി vs ടോട്ടൻഹാം
ലിവര്‍പൂള്‍
ഇന്ന് പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ടൂര്‍ണമെന്‍റിന്‍റെ സെമിയുറപ്പിച്ചത്. മത്സരത്തില്‍ മൂന്ന് ഗോളുകള്‍ വീതം നേടി ഇരു സംഘവും സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിര്‍ണയിച്ചത്.
ടോട്ടൻഹാം
ഇന്ന് പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്‌റ്റ്‌ഹാമിനെ തോല്‍പ്പിച്ചാണ് ടോട്ടനം സെമിക്ക് ടിക്കറ്റെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടനം വിജയം പിടിച്ചത്. സ്റ്റീവൻ ബെർഗ്വായ്‌നും (29ാം മിനിട്ട്) ലൂക്കാസ് മൗറയും (34ാം മിനിട്ട്) ടോട്ടനത്തിനായി ലക്ഷ്യം കണ്ടു. ജെറോഡ് ബോവനാണ് (32ാം മിനിട്ട്) വെസ്‌റ്റ്‌ഹാമിനായി ഗോള്‍ നേടിയത്.
ചെല്‍സി
ഇന്ന് പുലര്‍ച്ചെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രെന്‍റ്‌ഫോർഡിനെ തോല്‍പ്പിച്ചാണ് ചെല്‍സി ലീഗ് കപ്പിന്‍റെ സെമിയിലെത്തിയത്. പോണ്ടസ് ജാൻസണിന്‍റെ സെൽഫ് ഗോളും ജോർജിഞ്ഞോയുടെ പെനാൽറ്റി ഗോളുമാണ് ചെല്‍സിയുടെ പട്ടികയിലുള്ളത്. മത്സരത്തിന്‍റെ 80ാം മിനിട്ടില്‍ ജാൻസണിന്‍റെ ഓണ്‍ ഗോളിലൂടെയാണ് ചെല്‍സി മുന്നിലെത്തിയത്. തുടര്‍ന്ന് 85ാം മിനിട്ടിലാണ് പെനാല്‍റ്റിയിലൂടെ ജോർജിഞ്ഞോ ലക്ഷ്യം കണ്ടത്.
ആഴ്‌സണല്‍
ഇന്നലെ നടന്ന മത്സരത്തില്‍ സണ്ടർലാന്‍റിനെ തകര്‍ത്താണ് ആഴ്‌സണ്‍ ലീഗ് കപ്പിന്‍റെ സെമിക്കെത്തുന്നത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ സണ്ടർലാന്‍റിനെ മുക്കിയത്. എൻകെറ്റിയ (17, 49, 58) ഹാട്രിക്ക് തികച്ച മത്സരത്തില്‍ നിക്കോളാസ് പെപെയും (27) ചാർലി പാറ്റിനോയും (91) ആഴ്‌സണലിനായി ലക്ഷ്യം കണ്ടു.