ലിസ്‌ബണ്‍: കാല്‍പ്പന്തിന്‍റെ ലോകത്തെ മാന്ത്രികനാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ. പൂര്‍ണതക്ക് വേണ്ടി ഏതറ്റംവരെയും അധ്വാനിക്കാന്‍ മദീരയില്‍ നിന്നും ലോക ഫുട്‌ബോളിന്‍റെ നെറുകയിലേക്കുയര്‍ന്ന ഈ രാജകുമാരന് മടിയില്ല. ക്രിസ്റ്റാനോയുടെ കഴിവുകള്‍ക്ക് ഇതിനകം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത്തവണ കളിക്കളത്തിലെ റോണോയുടെ മികവിനെ പുകഴ്‌ത്തി എത്തിയിരിക്കുന്നത് മറ്റാരുമല്ല ട്രാക്കില്‍ നിന്നും വിടവാങ്ങിയ വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടാണ്. മികവളക്കാന്‍ ട്രാക്കില്‍ ഇരുവരും ഒരുമിച്ചോടിയാല്‍ ഇത്തവണ ജയം റോണോക്കൊപ്പമാകുമെന്ന് ബോള്‍ട്ട് പറഞ്ഞു.
ട്രാക്കില്‍ മിന്നിത്തിളങ്ങുന്ന കാലത്ത് 100 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച 9.58 സെക്കെന്‍റെന്ന റെക്കോഡ് തകര്‍ക്കാന്‍ ഇതേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. 200 മീറ്ററിലും ബോള്‍ട്ടിന്‍റെ പേരിലാണ് റെക്കോഡ്. 19.19 സെക്കന്‍റിലാണ് ബോള്‍ട്ട് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ട്രാക്കില്‍ നിന്നും വിടപറഞ്ഞ ശേഷം ബോള്‍ട്ട് ഫുട്‌ബോളില്‍ ഒരു കൈ നോക്കിയെങ്കിലും വേണ്ടത്ര ശോഭിക്കാനായില്ല. ജമൈക്കന്‍ താരം ബൂട്ടഴിച്ചെങ്കിലും പോര്‍ച്ചുഗലിന്‍റെ പടത്തലവന്‍ ഇപ്പോഴും പടയോട്ടം തുടരുകയാണ്.
കൂടുതല്‍ വായനക്ക്: ദേശീയ ജേഴ്‌സിയില്‍ 100 ജയങ്ങളുമായി റൊണാള്‍ഡോ
അടുത്തിടെയാണ് കാല്‍പ്പന്തിന്‍റെ ലോകത്ത് പോര്‍ച്ചുഗലിന് വേണ്ടി 100 വിജയങ്ങളെന്ന റെക്കോഡ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 168 മത്സരങ്ങളില്‍ നിന്നായിരുന്നു പറങ്കിപ്പടയുടെ നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ക്ലബ് ഫുട്‌ബോളില്‍ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിന് വേണ്ടി കളിക്കുന്ന റൊണാള്‍ഡോ ഇതിനകം സീരി എ ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ ഹോം ഗ്രണ്ടായ അലൈന്‍സ് സ്റ്റേഡിയത്തിലെ ഷെല്‍ഫില്‍ എത്തിച്ച് കഴിഞ്ഞു. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഒന്നും ഈ മുന്നേറ്റ താരത്തിന്‍റെ പേരിലാണ്.